Connect with us

Alappuzha

സര്‍ക്കാര്‍ അനുമതി കാത്ത് ജലഗതാഗത വകുപ്പിന്റെ സീകൊച്ചി പദ്ധതി

Published

|

Last Updated

ആലപ്പുഴ: കായല്‍ വിനോദസഞ്ചാര മേഖലയില്‍ സീ കുട്ടനാട് ഹിറ്റായതോടെ സീ കൊച്ചി എന്ന പുതിയ പദ്ധതിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ് രംഗത്ത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ ഉള്ളറകളില്‍ചെന്ന് കുട്ടനാട്ടുകാരുടെ ജീവിത രീതിയും കൃഷിയും ഉള്‍നാടന്‍ മത്സ്യബന്ധനവുമെല്ലാം നേരില്‍ കാണാന്‍ അവസരമൊരുക്കുന്ന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് പദ്ധതി ലാഭകരമായതോടെയാണ് പുതിയ പദ്ധതിയുമായി ജലഗതാഗത വകുപ്പ് രംഗത്തെത്തിയത്.

2012ല്‍ ആരംഭിച്ച സീ കുട്ടനാട് പദ്ധതി പ്രകാരം ഇരുനില ബോട്ട് ദിവസവും ഏഴ് സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തിവരുന്നു. ഡബിള്‍ ഡെക്കറിന്റെ മുകളിലെ നിലയിലെ വിനോദയാത്രക്കാരില്‍ നിന്ന് 80 രൂപയും താഴത്തെ നിലയിലെ യാത്രക്കാരില്‍ നിന്ന് 20 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. ദിനംപ്രതി 15,000ഓളം രൂപ ജലഗതാഗത വകുപ്പിന് ലാഭം നേടിക്കൊടുക്കുന്ന സര്‍വീസ് വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. കര മാര്‍ഗമുള്ള യാത്ര ഇപ്പോഴും അപ്രാപ്യമായ കുട്ടനാടിന്റെ ഉള്ളറകള്‍ നേരില്‍ കാണാന്‍ കുറഞ്ഞ ചെലവില്‍ സാധ്യമാകുന്ന സീ കുട്ടനാട് സര്‍വീസ് തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നതെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. സീ കുട്ടനാടിന്റെ വിജയമാണ് പുതിയ പദ്ധതിയായ സീ കൊച്ചി തുടങ്ങാന്‍ വകുപ്പിനെ പ്രേരിപ്പിക്കുന്നത്. കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവ ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലാശയ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള ബൃഹത് പദ്ധതി സംസ്ഥാന സര്‍ക്കാറിന് ജലഗതാഗതവകുപ്പ് സമര്‍പ്പിച്ചുകഴിഞ്ഞു.
മൂന്ന് ഇരുനില ലക്ഷ്വറി ബോട്ടുകള്‍ ഇതിനായി സജ്ജമാക്കണം. 4.45 കോടിയുടെ പദ്ധതിയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളതെന്ന് എസ് ഡബ്ല്യു ടി ഡി ഡയറക്ടര്‍ ഷാജി നായര്‍ പറഞ്ഞു. കുമരകം, കോട്ടയം, ആലപ്പുഴ കേന്ദ്രമാക്കിയാകും ഒരു ബോട്ട് സര്‍വീസ് നടത്തുക. മറ്റൊന്ന് എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട് മട്ടാഞ്ചേരി, വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലും മൂന്നാമത്തെ ബോട്ട് കൊല്ലം അഷ്ടമുടിക്കായല്‍ കേന്ദ്രമാക്കിയും സര്‍വീസ് നടത്തും. ഇരുനില ആഡംബര ബോട്ടില്‍ ഓരോന്നിലും 90 സീറ്റുകളുണ്ടാകും. അപ്പര്‍ഡെക്കിലെ 30 സീറ്റുകള്‍ പൂര്‍ണമായും വിദേശ ടൂറിസ്റ്റുകള്‍ക്കായി റിസര്‍വ് ചെയ്യും. ഇവിടെ മ്യൂസിക് സിസ്റ്റം, എല്‍ സി ഡി. ടി വി, ഐസ്‌ക്രീം കോര്‍ണര്‍ എന്നിവ സജ്ജമാക്കും. താഴത്തെ നിലയിലെ 60 സീറ്റുകള്‍ സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കായി നീക്കിവെക്കും. സാധാരണ വിനോദസഞ്ചാരികള്‍ക്ക് സാധാരണ ടിക്കറ്റ് നിരക്കും വിദേശ വിനോദസഞ്ചാരികളില്‍ നിന്ന് പ്രത്യേക നിരക്കുമായിരിക്കും ഈടാക്കുക.
ഉള്‍നാടന്‍ വിനോദസഞ്ചാര മേഖല അനുദിനം വളര്‍ച്ച നേടുന്ന സാഹചര്യത്തില്‍ ജലഗതാഗതവകുപ്പിന്റെ പുതിയ പദ്ധതിയും ഹിറ്റാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഒരു വര്‍ഷത്തിനകം പദ്ധതിക്ക് തുടക്കം കുറിക്കാനാകുമെന്ന് ഷാജി നായര്‍ പറഞ്ഞു.

 

Latest