Connect with us

Ongoing News

പട്ടികജാതി ഉദ്യോഗസംവരണം;കേരളം ദേശീയ ശരാശരിയേക്കാള്‍ പിറകില്‍

Published

|

Last Updated

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിന് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ഒരു ശതമാനം പിന്നിലാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍.
ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ദേശീയാടിസ്ഥാനത്തില്‍ 9.1 ശതമാനം സംവരണമാണ് എസ് സി വിഭാഗത്തിനുള്ളത്. എന്നാല്‍ കേരളത്തിലത് എട്ട് ശതമാനം മാത്രമാണ്. കുറഞ്ഞത് ശേഷിക്കുന്ന ഒരു ശതമാനത്തിന്റെ കുറവെങ്കിലും പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ശിപാര്‍ശ ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി എല്‍ പുനെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തലസ്ഥാനത്ത് നടന്ന സംസ്ഥാനതല അവലോകന യോഗമാണ് ഈ ശിപാര്‍ശകള്‍ മുന്നോട്ടുവെച്ചത്.
എയ്ഡഡ് സ്‌ക്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി സംവരണം ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും കൃത്യമായി പാലിക്കുന്നില്ല. സര്‍ക്കാര്‍ മേഖലയില്‍ പട്ടിക ജാതിക്കാര്‍ക്കായി നീക്കിവെച്ച 356 ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല. അതിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണം. എസ് സി വിദ്യാര്‍ഥികള്‍ക്കക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളുടെ അവസ്ഥയും ദയനീയമാണ്.
ഇതുസംബന്ധിച്ച് നിരവധി പരാതികളും കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലുകളുടെ നിലവാരം ഉയര്‍ത്തണമെന്നും ഇവിടെ പോഷകാഹാരം ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി എസ് സി വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് സംബന്ധിച്ച് 244 പരാതികള്‍ ലഭിച്ചതില്‍ ഏഴെണ്ണത്തിന് മാത്രമെ പരിഹാരം നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള 237 പരാതികള്‍ ഉടന്‍ പരിഹരിക്കണം.
പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്കും തീര്‍പ്പുകല്‍പ്പിക്കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകുന്നു. 2012ല്‍ 1,388 കേസുകളും 2013ല്‍ 1,589ഉം റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 1. 71 ശതമാനം കേസുകള്‍ക്ക് മാത്രമാണ് വാദം പൂര്‍ത്തിയാക്കി ശിക്ഷാ നടപടി ഉറപ്പാന്‍ കഴിഞ്ഞിട്ടുള്ളത്. അവശേഷിക്കുന്ന കേസുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. ഇത്തരം അതിക്രമങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് കോടതികളുള്ളത്.
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി നിയോഗിച്ചിട്ടുള്ള മുഖ്യമന്ത്രി ചെയര്‍മാനായുള്ള സംസ്ഥാന വിജിലന്‍സ് സമിതിയും കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല വിജിലന്‍സ് സമിതിയും കൃത്യമായി ചേരാറില്ലെന്നും കമ്മമീഷന്‍ നിരീക്ഷിച്ചു.
സംസ്ഥാനതല വിജിലന്‍സ് സമിതി മാസത്തില്‍ രണ്ട് തവണ ചേരണമെന്നിരിക്കെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെറും രണ്ട് തവണമാത്രമാണ് ചേര്‍ന്നത്. ഈ വര്‍ഷം ഒരു തവണ പോലും യോഗം ചേര്‍ന്നിട്ടില്ല. ജില്ലാതല വിജിലന്‍സ് സമിതി കഴിഞ്ഞ മൂന്ന് വര്‍ഷമായി കൂടാറില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആകര്‍ഷകമല്ലാത്ത അവസ്ഥയിലേക്ക് പോകുന്ന സാഹചര്യം കണക്കിലെടുത്ത് സ്വകാര്യമേഖലയില്‍ പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം.
ഇക്കാര്യത്തില്‍ കമ്മീഷന് ഇടപെടാന്‍ പരിമിതികളുണ്ട്. എസ് സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരാണ് ഇതുമൂലം കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. പാലക്കാട്ട് ആരംഭിക്കുന്ന പട്ടികജാതി മെഡിക്കല്‍ കോളജിന് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെടാനും വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന പൊതുമേഖലാ ബേങ്കുകളുടെ നിലപാടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനും കമ്മീഷന്‍ തീരുമാനിച്ചു.
കമ്മീഷന്‍ ചെയര്‍മാനെ കൂടാതെ വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ വെര്‍ക്ക, അംഗങ്ങളായ രാജുപാര്‍മറ, ഇശ്വാസ് സിംഗ്, പി എം കമലമ്മ സംബന്ധിച്ചു. രാവിലെ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മന്ത്രി എ പി അനില്‍കുമാര്‍ എസ് സി വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ വിശദീകരിച്ചു.

Latest