Connect with us

National

സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്തു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബീര്‍ഭൂമില്‍ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി ജെ പിയുടെ കേന്ദ്ര സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ബീര്‍ഭൂമിലെ മാക്ര ഗ്രാമം സന്ദര്‍ശിക്കാനാണ് ബി ജെ പിയുടെ കേന്ദ്ര സംഘം എത്തിയത്. മുഖ്താര്‍ അബ്ബാസ് നഖ്‌വി, എം പിമാരായ കീര്‍ത്തി ആസാദ്, ഉതിദ് രാജ് എന്നിവര്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹയോടൊപ്പമാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ഇരകളെ കാണാന്‍ പുറപ്പെട്ട ഇവരെ നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച ബി ജെ പി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നഖ്‌വിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വാനിലേക്ക് പോലീസ് വലിച്ച് കൊണ്ടുപോയപ്പോഴാണ് പരുക്കേറ്റതെന്ന് നഖ്‌വി അവകാശപ്പെട്ടു. പ്രാദേശിക ഭരണകൂടത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭീകരതക്ക് ഇരകളായ പ്രദേശവാസികളെ കാണാനാണ് തങ്ങള്‍ എത്തിയതെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. “ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഗ്രാമം കവര്‍ച്ച നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ കാണുമോയന്നതായിരുന്നു അവരുടെ ഭയം. ഇത് ജനാധിപത്യത്തിന് എതിരാണ്. ബംഗാളില്‍ ഉടനീളം ഇതിനെതിരെ പ്രതിഷേധം നടത്തും. പ്രതിഷേധ സമരം തുടരും. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ പറഞ്ഞു.
ബി ജെ പി ദേശീയ അധ്യക്ഷനാണ് കേന്ദ്ര സംഘത്തെ ബീര്‍ഭൂമിലേക്ക് അയച്ചത്. സത്യം കണ്ടെത്തി സംഘര്‍ഷത്തെ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. അതേസമയം, നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന നേരത്താണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് ആരോപണമുണ്ട്.