Connect with us

National

നവാസ് ശരീഫിന് ഡല്‍ഹി ഇമാമിന്റെ ക്ഷണം; മോദിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദ് ശാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ മകന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ക്ഷണം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. 19കാരനായ ശബാന്‍ ബുഖാരിയെ നാഇബ് ഇമാമായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 22നാണ് സ്ഥാനാരോഹണ ചടങ്ങ്.
ഇന്ത്യയിലെയും വിദേശത്തെയും നിരവധി രാഷ്ട്രീയ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോകത്തെ ആയിരം മതനേതാക്കളെയും ക്ഷണിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഡോ. ഹര്‍ഷ് വര്‍ധന്‍ അടക്കം നിരവധി മന്ത്രിമാര്‍ക്കും ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. കോടതികളും അന്വേഷണ ഏജന്‍സികളും കുറ്റവിമുക്തനാക്കിയെങ്കിലും 2002ലെ ഗുജറാത്ത് വംശഹത്യാ സമയത്ത് പങ്ക് വഹിച്ചെന്ന ആരോപണം മോദിക്കെതിരെ ഉയര്‍ന്നതിനാല്‍, അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കില്ലെന്ന് ബുഖാരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
മതപാണ്ഡിത്യത്തിന് പുറമെ മാനുഷിക വിഷയങ്ങളോട് ശക്തമായ ആഭിമുഖ്യം ശബാന് ഉള്ളതു കൊണ്ടാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് സയ്യിദ് ബുഖാരി പറഞ്ഞു. 2000 മുതല്‍ ജമാ മസ്ജിദിന്റെ ഇമാമാണ് അദ്ദേഹം. പിതാവിന്റെ കീഴിലായിരിക്കും ശബാന്റെ പ്രവര്‍ത്തനങ്ങള്‍. നാനൂറ് വര്‍ഷമായി ജമാ മസ്ജിദിലെ ഇമാമത് ഇതേ കുടുംബമാണ് നിര്‍വഹിക്കുന്നത്. ഏറെ സ്വാധീനമുള്ള പദവിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സയ്യിദ് ബുഖാരി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. 2012ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ് പിക്കായിരുന്നു പിന്തുണ.