Connect with us

National

മാരന്‍ സഹോദരങ്ങളുടെ സ്വത്ത് കണ്ടുകെട്ടിയേക്കും

Published

|

Last Updated

ന്യുഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ് കള്ളപ്പണ ഇടപാട് കേസില്‍ മാരന്‍ സഹോദരന്മാരുടെയും മറ്റ് പ്രതികളുടെയും 600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉത്തരവിട്ടേക്കും. കള്ളപ്പണ ഇടപാട് തടയല്‍ നിയമമനുസരിച്ച് വിസ്തരിക്കാനും അവരുടെ മൊഴി രേഖപ്പെടുത്താനും ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി സമന്‍സ് അയച്ചിരുന്നു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ എല്ലാവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഏതാനും ആഴ്ചകള്‍ക്കകം ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.
സഹോദരന്മാരായ ദയാനിധി മാരന്‍, കലാനിധി മാരന്‍ എന്നിവര്‍ക്ക് പുറമെ മലേഷ്യന്‍ ബിസിനസ് രാജാവ് ടി ആനന്ദ് കൃഷ്ണന്‍, മലേഷ്യക്കാരനായ അഗസ്തസ് റാല്‍ഫ് മാര്‍ഷല്‍ എന്നിവരും സ്ഥാപനങ്ങളായ സണ്‍ ഡയറക്ട് ടി വി, മാക്‌സിസ് കമ്മ്യൂനിക്കേഷന്‍ ബെര്‍ഹദ്, ആസ്‌ട്രൊ ആള്‍ ഏഷ്യന്‍ നെറ്റ്‌വര്‍ക്ക്, സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ഹോള്‍ഡിംഗ് എന്നിവയും കേസില്‍ പ്രതിസ്ഥാനത്തുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 120-ബി (ക്രിമിനല്‍ ഗൂഢാലോചന), അഴിമതിനിരോധന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ എന്നിവയനുസരിച്ചാണ് സി ബി ഐ ഇവര്‍ക്കെതിരെ കേസെടുത്തത്. എയര്‍ സെല്ലിലും മലേഷ്യന്‍ സ്ഥാപനമായ മാക്‌സിസ് ഗ്രൂപ്പിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങളിലുമുള്ള പങ്കാളിത്തം വില്‍ക്കാന്‍, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം പ്രമോട്ടറായ സി ശിവശങ്കരനില്‍ സമ്മര്‍ദം ചെലുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തത് ദയാനിധി മാരനാണെന്ന് കോടതിയില്‍ സി ബി ഐ ആരോപിച്ചിരുന്നു. 2006ലാണ് ഈ സംഭവം.

Latest