Connect with us

National

ചെലവ് ചുരുക്കലുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: പദ്ധതിയേതര ചെലവ് കുറക്കുന്നതിനായി നിരവധി ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പഞ്ചനക്ഷത്ര സെമിനാറുകളും വിദേശ യാത്രകളും വെട്ടിക്കുറക്കും. ബഹുമുഖ നടപടികള്‍ വഴി പദ്ധതിയേതര ചെലവ് പത്ത് ശതമാനം കണ്ട് കുറക്കുകയാണ് ലക്ഷ്യം. ഔദ്യോഗിക വിദേശയാത്രകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഫസ്റ്റ് ക്ലാസ് വിമാന യാത്ര പൂര്‍ണമായി ഒഴിവാക്കും. അനാവശ്യമായ നിയമനങ്ങള്‍ ഒഴിവാക്കുമെന്നും ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് പൂര്‍ണമായി നിരോധിക്കും. ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമേ നിയമനം നടത്തൂ. അവസാന പാദങ്ങളില്‍ സാധാരണയുണ്ടാകാറുള്ള അമിതച്ചെലവ് നിയന്ത്രിക്കാന്‍ ഇത്തവണ കര്‍ശന പരിശോധനകള്‍ നടത്തും. ഒരോ മൂന്ന് മാസം കൂടുമ്പോഴും അതത് വകുപ്പുകളുടെ സെക്രട്ടറിമാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ധനകാര്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.
സബ്‌സിഡികള്‍, പലിശ തിരിച്ചടവ്, ശമ്പളം, പെന്‍ഷന്‍, ദൈനംദിന പ്രവര്‍ത്തനം തുടങ്ങിയവക്കുള്ള ചെലവാണ് പദ്ധതിയേതര ചെലവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത് 5.75 ലക്ഷം കോടിയാണ്. പദ്ധതിയേതര ചെലവ് 12.19 ലക്ഷം കോടിയും.
വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വിമാനയാത്രകള്‍ നടത്താവൂ. ചെലവ് കുറഞ്ഞ യാത്രാ പാക്കേജുകള്‍ ഉപയോഗിക്കണം. യാത്ര ചെയ്തുളള യോഗങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഫലപ്രദമായി വിനിയോഗിക്കും. വിവിധ മന്ത്രാലയങ്ങള്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ആവശ്യകത കര്‍ശനമായി മാനദണ്ഡമാക്കും. പ്രതിരോധ സൈന്യത്തിനും മറ്റ് സുരക്ഷാ വിഭാഗത്തിനും അനിവാര്യമെങ്കില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാം. അതും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. ധനപരവും നികുതിപരവുമായ പരിമിതികള്‍ അറിഞ്ഞു മാത്രമേ മന്ത്രാലയങ്ങള്‍ ചെലവുകള്‍ നടത്താവൂ എന്നും ധനകാര്യ വകുപ്പ് നിര്‍ദേശിക്കുന്നു.
2016-17ഓടെ ധന കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ചുരുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. 2011-12ല്‍ കമ്മി 5.7 ശതമാനമായിരുന്നു. 2012-13ല്‍ അത് 4.8 ശതമാനമായി കുറക്കാന്‍ സാധിച്ചു. 2013-14ല്‍ അത് പിന്നേയും താഴ്ന്ന് 4.5 ലെത്തി. വീണ്ടും കുറക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പകരുന്നത് ഈ കണക്കാണ്. “വലിയ വെല്ലുവിളിയാണ് ധനകാര്യ മന്ത്രാലയത്തിന് മുന്നിലുള്ളത്. ചെലവ് ചുരുക്കുന്നു എന്നത് കൊണ്ട് അടിസ്ഥാനസൗകര്യ മേഖലയിലും നിര്‍മാണ മേഖലയിലും വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തിന് കോട്ടം തട്ടാന്‍ പാടില്ല. വളര്‍ച്ചക്ക് പരുക്കേല്‍പ്പിക്കാത്ത തരത്തില്‍ എങ്ങനെ ചെലവ് ചുരുക്കാമെന്നതാണ് ചോദ്യം”- ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചെലവ് ചുരുക്കല്‍ നടപടികള്‍ ബാധകമാക്കും. ബജറ്റില്‍ നീക്കി വെച്ച തുകക്ക് പുറത്ത് ഫണ്ട് അനുവദിക്കില്ല. എക്‌സിബിഷനുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, യോഗങ്ങള്‍ എന്നിവ അത്യാവശ്യത്തിന് മാത്രമേ നടത്താവൂ. വ്യാപാര പ്രോത്സാഹനത്തിന് ഒഴിച്ച് വിദേശത്ത് നടക്കുന്ന മുഴുവന്‍ എക്‌സിബിഷനുകളും നിരുത്സാഹപ്പെടുത്തും.

Latest