Connect with us

Malappuram

തിങ്കളാഴ്ച സ്വലാത്ത് നഗറില്‍ മുഹര്‍റം സമ്മേളനം

Published

|

Last Updated

മലപ്പുറം: ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാനമായ നിരവധി സംഭവങ്ങള്‍ക്ക്് സാക്ഷ്യം വഹിച്ച വിശുദ്ധമായ മുഹര്‍റം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന്് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ സമ്മേളനം തിങ്കളാഴ്ച സ്വലാത്ത് നഗറില്‍ നടക്കും.
ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹര്‍റം ഒന്നു മുതല്‍ മഅ്ദിന്‍ ക്യാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം. മുഹറം പത്തിന്റെ പുണ്യദിനമായ തിങ്കളാഴ്ച രാവിലെ 10 മുതല്‍ നോമ്പുതുറ വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ക്ക് സംബന്ധിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഹര്‍റം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ 313 സാദാത്തുക്കള്‍ നേതൃത്വം നല്‍കും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന മുഹര്‍റം ചരിത്ര സെമിനാര്‍ നാളെ സ്വലാത്ത് നഗറില്‍ നടക്കും. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം തലവന്‍ ഡോ. അര്‍ഷദുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും. തിങ്കള്‍ രാവിലെ 10 മുതല്‍ 12 വരെ മുഹര്‍റം വനിതാ വിജ്ഞാനവേദി നടക്കും. മുഹര്‍റത്തെ മുസ്‌ലിംകള്‍ക്ക് ദു:ഖത്തിന്റെയും വേദനയുടെയും അവസരമായി അവതരിപ്പിക്കുന്നത് ഇസ്‌ലാമിക ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പെയ്തിറങ്ങിയ ഈ മാസത്തില്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവനിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടുമാണ് ചെലവഴിക്കേണ്ടത്. അതിനുള്ള അവസരമാണ് മുഹര്‍റം ആചരണത്തിലൂടെ മഅ്ദിന്‍ അക്കാദമി ഒരുക്കുന്നത്. ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ സജ്ജീകരിച്ചിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍: സയ്യിദ് മുഹമ്മദ് ഫാറൂഖ് (പ്രോഗ്രാം ചെയര്‍മാന്‍), ഇബ്‌റാഹീം ബാഖവി മേല്‍മുറി (സോണ്‍ പ്രസിഡണ്ട്, എസ്.വൈ.എസ്), സുല്‍ഫിക്കര്‍ സഖാഫി (എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍), സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം (പ്രോഗ്രാം കണ്‍വീനര്‍), ഇസ്ഹാഖ് സഖാഫി (കോ-ഓര്‍ഡിനേറ്റര്‍), സൈഫുള്ള നിസാമി (മീഡിയ കണ്‍വീനര്‍)

Latest