Connect with us

International

ഫലസ്തീന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് ഇസ്‌റാഈലിനോട് യു എന്‍

Published

|

Last Updated

യുനൈറ്റഡ് നാഷന്‍: ഫലസ്തീനില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫലസ്തീനികളുടെ അവകാശങ്ങള്‍ മാനിക്കണമെന്നും ഗാസയില്‍ 50 ദിവസം നീണ്ടുനിന്ന കിരാതമായ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ആ രാജ്യം മുന്നോട്ട് വരണമെന്നും യു എന്‍ ആവശ്യപ്പെട്ടു.
ഇസ്‌റാഈലിന്റെ സൈന്യം വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്തുകളയുന്നത് അപലപനീയമാണ്. ഇതിന് പുറമെ ഇസ്‌റാഈലിന്റെ തടങ്കല്‍ പാളയങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരെ വിവിധ പീഡനങ്ങളും ഇസ്‌റാഈല്‍ സൈന്യം നടത്തി. ഇതില്‍ കുട്ടികളും ഉള്‍പ്പെട്ടിരുന്നുവെന്നും സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീനിയന്‍ ഭൂമി അന്യായമായി അധിനിവേശം നടത്തുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ ഇത് നിരന്തരം ആവര്‍ത്തിക്കുന്നു. 2008 മുതല്‍ ഇസ്‌റാഈല്‍ നടത്തിയ മൂന്ന് യുദ്ധങ്ങളില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഈ അടുത്ത് നടന്ന യുദ്ധത്തിലും ഇത് ആവര്‍ത്തിച്ചു. 2,200 ഫലസ്തീനികളാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
2008ലും 2009ലും 2012ലും നടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച് ഇസ്‌റാഈല്‍ വ്യക്തമായും കാര്യക്ഷമമായും സ്വതന്ത്ര്യമായും അന്വേഷണം നടത്തണം. അതുപോലെ യുദ്ധത്തിലെ ഇരകള്‍ക്ക് പര്യാപ്തമായ നഷ്ടപരിഹാരം നല്‍കുകയും വേണം. ഗാസയിലേക്കുള്ള പാതകള്‍ അടച്ചിടുന്ന ഇസ്‌റാഈല്‍ നടപടി വിമര്‍ശിക്കപ്പെടേണ്ടതാണ്. ഇത്തരം നടപടികള്‍ ഫലസ്തീനികളുടെ നിത്യജീവിതത്തെ പ്രയാസപ്പെടുത്തുന്നതായും ഫലസ്തീനികള്‍ക്കിടയില്‍ ഇസ്‌റാഈല്‍ വിരുദ്ധ മനോഭാവം വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ യു എന്‍ മനുഷ്യാവകാശ സംഘടന ഓര്‍മപ്പെടുത്തുന്നു.
ഇതിനിടെ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്‌റാഈല്‍ എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനാണെന്നാണ് ഇസ്‌റാഈല്‍ ഇതിനെ ന്യായീകരിക്കുന്നത്. എന്നാല്‍ ഈ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുറന്നടിച്ചു.