Connect with us

Wayanad

ഗുണമേന്മയുള്ള വളങ്ങള്‍ കിട്ടാതെ കര്‍ഷകര്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: കൃഷിടങ്ങളില്‍ ഇത് വളപ്രയോഗത്തിന്റെ കാലം അതിക്രമിക്കുമ്പോഴും ഗുണമേന്മയുള്ള നേര്‍ വളങ്ങള്‍ കിട്ടാതെ കര്‍ഷകര്‍ നെട്ടോട്ടത്തില്‍. യൂറിയ, ഫാക്ടംപോസ്, പൊട്ടാഷ്, കോംപ്ലക്‌സ് തുടങ്ങിയ വളങ്ങള്‍ക്കെല്ലാം ക്ഷാമമാണ്. ജൈവളങ്ങളുടെ ലേബലില്‍ എത്തുക്കുന്നവയില്‍ പലതും ഗുണമേന്മയില്ലാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ണാടകയില്‍ നിന്ന് മായം ചേര്‍ത്ത വളങ്ങള്‍ വയനാടന്‍ വിപണിയില്‍ എത്തിച്ച് വിറ്റഴിക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍പൊട്ടാഷ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, രാഷ്ട്രീയ കെമിക്കല്‍സ്, എഫ് എ സി ടി തുടങ്ങിയവയുടെ വളങ്ങള്‍ ആവശ്യാനുസരണം കാര്‍ഷിക മേഖലയായ വയനാട്ടിലേക്ക് കിട്ടാതായതാണ് പ്രതിസന്ധിക്ക് കാരണം.
സാധാരണ അനുവദിക്കാറുള്ള ക്വാട്ട പല കമ്പനികളും വെട്ടിക്കുറച്ചു. പരിമിതമായ തോതില്‍ ലഭിക്കുന്ന വളങ്ങള്‍ പലതും നിശ്ചിത വിലയേക്കാള്‍ കൂട്ടി വില്‍പന നടത്തുകയാണെന്നും പരാതിയുണ്ട്. യൂറിയക്ക് ജില്ലയുടെ എല്ലാ ഭാഗത്തും ക്ഷാമം നിലനില്‍ക്കുന്നു. ഹൃസ്വകാല വിളകള്‍ക്കൊപ്പം കാപ്പിത്തോട്ടങ്ങളിലും റബര്‍ തോട്ടങ്ങളിലുമെല്ലാം വളപ്രയോഗം നടത്തേണ്ട കാലം അതിക്രമിച്ചു. നേരത്തെ മുതല്‍ രാസവളങ്ങള്‍ പ്രയോഗിച്ച് മണ്ണിന്റെ ഘടനയില്‍ തന്നെ മാറ്റം വന്നതിനാല്‍ ജൈവവളങ്ങള്‍ മാത്രമെന്നത് ഇപ്പോള്‍ ജില്ലയിലെ കൃഷിയിടങ്ങളില്‍ പതിവില്ല.
ജില്ലയില്‍ പലയിടത്തും യൂറിയയും കോംപ്ലക്‌സും കിട്ടുന്നില്ല. സമയക്രമം പാലിച്ച് വളപ്രയോഗം നടത്താന്‍ ഗുണമേന്മയുള്ള രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.