Connect with us

Wayanad

ഒ പി ജെയ്ഷക്ക് അഞ്ചുലക്ഷം കൂടി അനുവദിച്ചു

Published

|

Last Updated

കല്‍പ്പറ്റ: സൗത്ത് കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന 17ാമത് ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക് ഇനത്തില്‍ 1500 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയ വയനാട്ടുകാരി ഒ.പി. ജയ്ഷക്ക് പാരിതോഷികമായി കായികവകുപ്പില്‍നിന്ന് അഞ്ച് ലക്ഷം കൂടി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ഇഞ്ചിയോണ്‍ മെഡല്‍ ജേതാക്കള്‍ക്ക് നേരത്തെ അനുവദിച്ച പാരിതോഷികത്തിന് പുറമെയാണ് ഇത്.
ജെയ്ഷക്ക് ഏഴര ലക്ഷംരൂപയായിരുന്നു നേരത്തെ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ജെയ്ഷക്കൊപ്പം ഡല്‍ഹിയില്‍ നടന്ന സുബ്രതോകപ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം എം.എസ്.പി. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ സുജിത്തിനും അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മാനന്തവാടി തൃശ്ശിലേരി സ്വദേശിനിയായ ഒ.പി. ജയ്ഷയുടെ വീട് മന്ത്രി സന്ദര്‍ശിച്ചിരുന്നു. വീട്ടുകാരും നാട്ടുകാരുമായി സംസാരിച്ചശേഷം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ വീണ്ടും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും മന്ത്രി ജയലക്ഷ്മിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് അഞ്ച് ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനമെടുത്തത്. നാല് മിനിട്ട് 13.46 സെക്കന്‍ഡില്‍ 1500 മീറ്റര്‍ ഫിനിഷ് ചെയ്ത് ജയ്ഷ വെങ്കലമണിഞ്ഞത്. 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്ററിലെ വെങ്കലമായിരുന്നു ഇതുവരെയുള്ള പ്രധാന നേട്ടം. വയനാട്ടില്‍ ജയ്ഷക്ക് സ്വീകരണം ഒരുക്കി പുരസ്‌ക്കാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
ജയ്ഷക്ക് മാനന്തവാടി പൗരാവലിയും വിവിധ സംഘടനകളും സ്വീകരണം ഒരുക്കിയിരുന്നു. വളര്‍ന്നുവരുന്ന വയനാട്ടിലെ കായിക താരങ്ങള്‍ക്ക് പ്രോല്‍സാഹനമാണ് ജയ്ഷയുടെ നേട്ടം.