Connect with us

Wayanad

വയനാട് ഇനി ബാറില്ലാ ജില്ല

Published

|

Last Updated

കല്‍പ്പറ്റ: ബാറുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വയനാട് ബാറില്ലാ ജില്ലയായി.
കഴിഞ്ഞ മാര്‍ച്ച് 31ന് ശേഷം പ്രവര്‍ത്താനുമതി തുടര്‍ന്ന രണ്ട് ബാറുകള്‍ കൂടി ഇന്നലെ രാത്രി പത്തു മണിയോടെ അടഞ്ഞു. സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളെല്ലാം പൂട്ടിയിട്ടും കല്‍പ്പറ്റയിലും മാനന്തവാടിയിലും ഒരോ ബാറുകളാണ് പ്രവര്‍ത്തനം തുടര്‍ന്നിരുന്നത്. ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ 11 ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. കല്‍പ്പറ്റയില്‍ നാലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളില്‍ രണ്ടു വീതവും പുല്‍പള്ളയില്‍ ഒന്നും ബാറുകളാണുണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യ നയത്തെ തുടര്‍ന്ന് ബിവ്‌റേജസ് കോര്‍പറേഷന് കീഴിലുള്ള കാവുംമന്ദം, ചീപ്പാട്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നടത്തിയിരുന്ന മേപ്പാടി വിദേശ മദ്യ ഔട്ട്‌ലെറ്റുകള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ പൂട്ടിയിരുന്നു ഇനി ബിവ്‌റേജസ് കോര്‍പറേഷന്റെ വൈത്തിരി, കല്‍പ്പറ്റ, മീനങ്ങാടി, ബത്തേരി, പുല്‍പള്ളി, പനമരം, മാനന്തവാടി ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് വിദേശ മദ്യ വില്‍പനക്കായി ശേഷിക്കുന്നത്. ബാറുകളും മൂന്ന് ഔട്ട്‌ലെറ്റുകളും പൂട്ടിയതോടെ ശേഷിക്കുന്ന വിദേശമദ്യ വില്‍പന ശാലകളിലെല്ലാം രാവിലെ മുതല്‍ രാത്രി ഒന്‍പത് വരെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
മദ്യലഭ്യതയിലെ കുറവ് പക്ഷെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ പല ഭാഗത്തുമുള്ളവരെ ബാധിക്കില്ല. നെന്മേനി, അമ്പലവയല്‍, മൂപ്പൈനാട്, നൂല്‍പ്പുഴ പഞ്ചായത്തിലുള്ളവര്‍ക്ക് വളരെ ചെറിയ ദൂര പരിധിക്കുള്ളില്‍ തന്നെ വിദേശ മദ്യം സുലഭമായി ലഭിക്കും. തമിഴ്‌നാട് അതിര്‍ത്തിയിലെ ചേരമ്പാടി, താളൂര്‍, എരുമാട്, പാട്ടവയല്‍ എന്നിവിടങ്ങളിലെല്ലാം തമിഴ്‌നാട് സര്‍ക്കാറിന്റെ വിദേശ മദ്യ വില്‍പന ശാലകളുണ്ട്. കാല്‍നടയായും ബസില്‍ കയറിയും ആവശ്യക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടങ്ങളിലേക്ക് എത്താന്‍ കഴിയും. കേരളത്തില്‍ ശ്രീനാരായണഗുരുജയന്തി, സമാധിദിനം പോലുള്ള ഡ്രൈ ഡേകളില്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യശാലകളിലേക്കാണ് നേരത്തെ മുതല്‍ മദ്യപന്മാര്‍ പോയിരുന്നത്.
അവിടെ നിന്ന് വാങ്ങിക്കൊണ്ടുവരുന്നതിലും കാര്യമായ പരിശോധന ഇല്ല. ഫലത്തില്‍ തമിഴ്‌നാട്ടിലെ മദ്യം യഥേഷ്ടം വയനാട്ടില്‍ എത്തിക്കാനും ചില്ലറ വില്‍പന നടത്താനുമുള്ള സാധ്യത വളരെ കൂടുതലാണ്. നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട പൊന്‍കുഴി കഴിഞ്ഞാല്‍ കര്‍ണാടക അതിര്‍ത്തിയായി. ബത്തേരിയില്‍ നിന്ന് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലേക്കും തിരിച്ചും അര മണിക്കൂര്‍ ഇടവിട്ട് കെ എസ് ആര്‍ ടി ബസുകളുണ്ട്. ഗുണ്ടല്‍പേട്ടയില്‍ പോയി മദ്യപിച്ച് വരാനും സൗകര്യം ഏറെയാണ്. മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകാര്‍ക്ക് കബനി നദി കടന്നാല്‍ കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ എത്താം. അവിടെ വിദേശ മദ്യശാലകള്‍ യഥേഷ്ടം ഉണ്ട്.
അതിനാല്‍ പുല്‍പള്ളി പ്രദേശത്തുകാര്‍ക്കും മദ്യ ലഭ്യതയില്‍ കുറവുണ്ടാവില്ല. മാനന്തവാടിയില്‍ നിന്ന് കര്‍ണാടകയിലെ ബാവലിയിലേക്ക് യഥേഷ്ടം ബസ് സര്‍വീസുണ്ട്. ബാവലയില്‍ എത്തിയാല്‍ വിദേശമദ്യത്തിന് ക്ഷാമമില്ല.
ഇപ്പോള്‍ തന്നെ ബാവലിയില്‍ പോയി മദ്യപിച്ചുവരുന്നവര്‍ ഏറെയാണ്.
തുരുനെല്ലി പഞ്ചായത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നതാണ്. കര്‍ണാടക അതിര്‍ത്തിയിലെ കുട്ടയില്‍ എത്തിയാല്‍ മൂന്നോനാലോ വിദേശ മദ്യശാലകളും അതിനുള്ളില്‍ ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കേരളത്തിലെ മദ്യലോബികള്‍ ബാര്‍ ഹോട്ടലുകല്‍ ആരംഭിക്കാന്‍ ഇപ്പോള്‍ തന്നെ സൗകര്യ പ്രദമായ സ്ഥലങ്ങളും കെട്ടിടങ്ങളും എടുത്തിട്ടുണ്ട്.
അധികം വൈകാതെ ഇവിടങ്ങളിലെല്ലാം മലയാളി മദ്യ വ്യാപാരികളുടെ നേതൃത്വത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നാണ് സൂചന. സംസ്ഥാന അതിര്‍ത്തിയില്‍ എത്തിപ്പെടാന്‍ ദൂരം കുടുതലുള്ള പടിഞ്ഞാറത്തറ പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ നാടന്‍ വാറ്റും വില്‍പനയും സജീവമായി നടക്കുന്നുണ്ട്. ബാണാസുരന്‍മലയുടെ ഭാഗമായുള്ള വനപ്രദേശം നേരത്തെ മുതല്‍ നാടന്‍ വാറ്റിന് കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. നാടന്‍ വാറ്റും വില്‍പനയും മയക്കുമരുന്ന് ഇടപാടുകളും ഫലപ്രദമായി തടയാനുള്ള ശേഷി എക്‌സൈസ് വകുപ്പിന് ജില്ലയില്‍ ഇല്ല. ഈ ഫോഴ്‌സില്‍ ആകെയുള്ളത് 188 ഓളം ഉദ്യോഗസ്ഥരാണ്. എക്‌സൈസിന്റെ പല ഓഫീസുകളിലും ജീവനക്കാര്‍ക്ക് പരിശോധനക്ക് പോവാന്‍ വാഹനം പോലുമില്ലാത്തത് വകുപ്പിനെ പ്രയാസപ്പെടുത്തുന്നു