Connect with us

Editorial

ഫാസിസത്തിന് മറുപടി ചുംബന സമരമല്ല

Published

|

Last Updated

ചുംബന സമരമാണിപ്പോള്‍ പുതുതലമുറയിലെയും സാമൂഹിക മാധ്യമങ്ങൡലെയും ചൂടേറിയ ചര്‍ച്ച. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനെതിരായ പ്രതിഷേധമെന്ന പേരിലാണ് “കിസ് ഓഫ് ലവ്” എന്ന സംഘടന നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ പരസ്യമായ ചുംബന സമരം പ്രഖ്യാപിച്ചത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ അനുമതി നല്‍കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ചുംബന കൂട്ടായ്മാ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ പ്രതികരണം. സമരത്തെ ഏതുവിധേനയും തടയുമെന്ന പ്രഖ്യാപനവുമായി സംഘ്പരിവാര്‍ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച മറൈന്‍െ്രെഡവില്‍ ദേശീയ ചാനലിന് അഭിമുഖം നല്‍കാനെത്തിയ “കിസ് ഓഫ് ലവ്” പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമവും നടന്നു.
ഡൗണ്‍ ടൗണ്‍ ഹോട്ടലിന് നേരെ നടന്ന അക്രമം ഗുണ്ടായിസമാണെന്നതില്‍ രണ്ട് പക്ഷമില്ല. ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ അവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും അത് നിയമാനുസൃത മാര്‍ഗത്തിലൂടെയാകണം. വേണ്ടാത്തരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നാട്ടില്‍ നിയമ പാലകരും കോടതികളുമുണ്ട്. അവരെ വിഷയം ഉണര്‍ത്തി പരിഹാരമുണ്ടാക്കുകയാണ് ശരിയായ രീതി. അത് ഫലപ്രദമാകുന്നില്ലെങ്കില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാകാം. അതിനുമപ്പുറം നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ സംസ്ഥാനത്ത് അരാജകത്വമായിരിക്കും ഫലം.
അതുകൊണ്ട് തന്നെ നാട്ടുകാര്‍ സദാചാര പോലീസ് ചമയുന്ന പ്രവണതക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് മനസ്സിലാക്കാം. അത് പക്ഷേ നമ്മുടെ സംസ്‌കാരത്തിനും ജീവിത രീതിക്കും യോജിച്ച രീതിയിലായിരിക്കണം. സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധമെന്ന പേരില്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും പ്രണയ സായാഹ്നം സംഘടിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. കേരളീയ സമൂഹം കാത്തുസൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങളെ തകര്‍ക്കാന്‍ മാത്രമേ അത് സഹായകമാകൂ. മാത്രമല്ല, ഇളം തലമുറക്കിത് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യും. ലൈംഗികത കലര്‍ന്ന പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണെന്ന വാദം അംഗീകരിക്കാനുമാകില്ല. ലൈംഗികാരാജകത്വം നടമാടുന്ന പാശ്ചാത്യ നാടുകളിലെ സംസ്‌കാരിക ജീര്‍ണതയുടെ ഉപോത്പന്നമായ വൃത്തികെട്ട പ്രതിഷേധ രീതികളെ അനുകരിക്കാനുള്ള നീക്കം വിവേക രഹിതവും ചിന്താശൂന്യവുമാണ്. കമിതാക്കള്‍ ചുംബിച്ചതിനാണ് ഹോട്ടല്‍ അടിച്ചു തകര്‍ത്തതെന്ന ധാരണയില്‍ ചുംബന സമര പ്രതിഷേധം നടത്തുന്നവര്‍, ഹോട്ടലില്‍ അവിഹിത ലൈംഗിക വേഴ്ച ആരോപിച്ചാണ് അക്രമം നടന്നതെങ്കില്‍ മറൈന്‍ ഡ്രൈവില്‍ പരസ്യമായ ലൈംഗിക വേഴ്ചാ സമരം സംഘടിപ്പിക്കാനും മുതിരുമോ?
മലീമസമായ പാശ്ചാത്യന്‍ ലൈംഗിക സംസ്‌കാരത്തെ നമ്മുടെ സമൂഹത്തിലേക്ക് പടര്‍ത്തുകയാണ് ചുംബന സമരക്കാരുടെ യഥാര്‍ഥ ലക്ഷ്യം. കമിതാക്കളുടെ സൈ്വരവിഹാരം, വിവാഹ പൂര്‍വബന്ധം, ദാമ്പത്യേതര സൗഹൃദം തുടങ്ങി പടിഞ്ഞാറിന്റെ “സംസ്‌കൃത വൈകൃതങ്ങള്‍” കേരളീയ സമൂഹത്തിലും വര്‍ധിച്ചു വരുന്നുവെന്നത് ഒരു രഹസ്യമല്ല. സിനിമകളും ചാനലുകളും നിര്‍വഹിക്കുന്ന മുഖ്യദൗത്യം ഈ സംസ്‌കൃതിയുടെ പ്രചാരണവുമാണ്. എങ്കിലും കേരളത്തില്‍ സദാചാര ബോധത്തിലധിഷ്ഠിതമായ സംസ്‌കാരം പാടേ അന്യം നിന്ന് പോകാത്തതിനാല്‍ ഒളിഞ്ഞും മറഞ്ഞുമാണ് ഇതൊക്കെ അരങ്ങേറുന്നത്. സമൂഹത്തിന്റെ ഈ സദാചാര മതില്‍ക്കെട്ട് പൊട്ടിച്ചു പരസ്യമായിത്തന്നെ കൂത്താടാനുള്ള ഒരവസരം ധാര്‍മിക ബോധമില്ലാത്ത പുതുതലമുറ ആഗ്രഹിക്കുന്നുണ്ട്. കോഴിക്കോട്ടെ യുവമോര്‍ച്ചാ അക്രമം ഇതിനൊരവസരമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മാത്രം. അല്ലെങ്കില്‍, അവര്‍ക്ക് പ്രതിഷേധിക്കാന്‍ ന്യായമായ മാര്‍ഗങ്ങള്‍ മറ്റേതെല്ലാമുണ്ട്! ധാര്‍മിക ച്യുതിയിലകപ്പെട്ട സമൂഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുന്നതില്‍ നിയമ പാലകര്‍ കാണിക്കുന്ന അനാസ്ഥയുമാണ് സദാചാര പോലീസ് പ്രവണത വര്‍ധിച്ചു വരാന്‍ ഇടയാക്കുന്നതെന്ന വസ്തുത ചുംബന സമരക്കാരും അവരെ പിന്തുണക്കുന്ന ജനപ്രതിനിധികളും മറക്കരുത്. ധാര്‍മിക ചുറ്റുപാടില്‍ വളര്‍ന്ന് സദാചാര നിഷ്ഠജീവിതം നയിക്കുന്ന പെണ്‍കുട്ടികളും മാതാപിതാക്കളുമുള്ള നാട്ടില്‍ പരസ്യമായി ലൈംഗിക വൃത്തികേടുകള്‍ കാണിക്കാന്‍ ഏതാനും വികല മനസ്‌കര്‍ മുതിരുമ്പോള്‍ ആശംസ നേരാന്‍ ചില ജനപ്രതിനിധികളും മുന്നോട്ട് വരുന്നുവെന്നത് വിരോധാഭാസമാണ്. ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ലൈംഗിക ആഭാസം കൊണ്ടല്ലെന്ന് തീര്‍ത്തു പറയേണ്ട സന്ദര്‍ഭമാണിത്.

Latest