Connect with us

Articles

കൊടിയത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം

Published

|

Last Updated

കാക്കിയും കാവിയും രണ്ട് നിറമെങ്കിലും ഇതിനിപ്പോള്‍ വല്ലാത്തൊരു ചേര്‍ച്ചയാണ്. നടപ്പുകാല സംഭവവികാസങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇത് ബോധ്യപ്പെടും. കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരായ, തുമ്പുണ്ടാക്കുന്നതിലും കിട്ടിയ തുമ്പ് നശിപ്പിക്കുന്നതിലും അതിവൈദഗ്ധ്യം കാണിക്കുന്നവരാണ് പോലീസ്. സംസ്ഥാനം ഭരിക്കുന്നവരുടെ ഇംഗിതം പോലീസ് ഭരണത്തില്‍ പ്രതിഫലിക്കാറുമുണ്ട്. ഇന്ന് സാഹചര്യം മാറുകയാണ്. മോദിപ്പേടി ഭരണക്കാരെയും പോലീസിനെയും പിടികൂടിയെന്നാണ് സമീപകാല സംഭവങ്ങളില്‍ വായിക്കപ്പെടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ സദാചാര പോലീസിംഗില്‍ വരെ ഇത് പ്രതിഫലിക്കുകയാണ്. കൊടിയത്തൂരിലെ ഷഹീദ് ബാവയും കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റും രണ്ട് കഥകളാണ് മലയാളികളെ പഠിപ്പിക്കുന്നത്.
കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് നേതാവും കുമ്പളയില്‍ കൊല്ലപ്പെട്ട ഡി വൈ എഫ് ഐക്കാരനും പോലീസിന്റെ കേസ് ഡയറിയില്‍ തുല്ല്യരല്ലാതെ വരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പോലീസിന് മാത്രമാണോ ഇതില്‍ ഉത്തരവാദിത്വം? സംഭവങ്ങള്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് പിന്നാലെ അന്വേഷണ സംഘവും നീങ്ങുകയാണോ? അല്ലെങ്കില്‍ പോലീസ് തെളിക്കുന്ന വഴികളിലൂടെ മാധ്യമങ്ങളാണോ സഞ്ചരിക്കുന്നത്? ഇക്കാര്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കെണ്ടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കാകും കേരളത്തിന്റെ പോക്ക്. പിന്നാക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളാകും ഈ ദുരന്തത്തിലെ ഇരകള്‍.
സമീപകാല വാര്‍ത്തകളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ച സംഭവങ്ങളെ ഓരോന്നും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കിയാല്‍ വ്യത്യസ്ത രീതിയിലാണ് പോലീസും മാധ്യമങ്ങളും ഇതിനെയെല്ലാം സമീപിച്ചതെന്ന് ബോധ്യമാകും. സദാചാര പോലീസ് സംഭവത്തിലെ ഇടപെടല്‍ തന്നെ ആദ്യഉദാഹരണം. കൊടിയത്തൂരിലെ ഷഹീദ് ബാവ എന്ന യുവാവ് കൊല്ലപ്പെട്ടതും കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റിലെ യുവമോര്‍ച്ച അക്രമവും ഒരേ കണ്ണ് കൊണ്ടല്ല, കേരളാ പോലീസ് കണ്ടത്. രണ്ട് സംഭവത്തിലും ഒരേ സമീപനമല്ല മാധ്യമങ്ങള്‍ സ്വീകരിച്ചത്.
ഒരു വീട്ടില്‍ അനാശാസ്യത്തിനു വന്നുവെന്നാരോപിച്ച് യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് മരിക്കാനിടയായതാണ് കൊടിയത്തൂരിലെ സദാചാര പോലീസിംഗ്. എന്നാല്‍, ഈ കേസില്‍ പ്രതിസ്ഥാനത്ത് വന്നവരുടെ പേര് നോക്കിയാണ് കാര്യങ്ങള്‍ വികസിച്ചത്. ആ നാട്ടിലെ സാധാരണക്കാരായിരുന്നു അന്ന് പ്രതികള്‍. സദാചാര പൊലീസ് ചമഞ്ഞ്, തീവ്രവാദികളും മതസംഘടനകളുടെ പ്രവര്‍ത്തകരുമാണ് കൊലക്ക് പിന്നില്‍ എന്ന വ്യാപകമായ പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തിയത്. മതേതര മുഖംമൂടിയണിഞ്ഞവരെ ചര്‍ച്ചകള്‍ക്ക് അണിനിരത്തി കുറെ ദിവസം രംഗം കൊഴുപ്പിച്ച് നിര്‍ത്തി.
സംഭവത്തിന് പിന്നില്‍ “തീവ്രവാദ” ബന്ധമില്ലെന്ന് അന്വേഷണ സംഘത്തിലെ ചിലര്‍ സ്ഥിരീകരിച്ചിട്ടും അതില്‍ തൃപ്തരാകാതെയായിരുന്നു മാധ്യമങ്ങളുടെ സമാന്തര അന്വേഷണം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രിത നീക്കങ്ങളും കണ്ടെത്താനുള്ള തീവ്രശ്രമവും നടത്തി. തീവ്രവാദബന്ധം സ്ഥാപിക്കാന്‍ ആവും വിധം ശ്രമിച്ചു. പ്രതികള്‍ ഒന്നൊന്നായി പിടിയിലായതോടെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അറസ്റ്റിലായവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു.
കോഴിക്കോടും കൊടിയത്തൂരും തമ്മില്‍ അധിക ദൂരമൊന്നുമില്ല. എന്നാല്‍, ഡൗണ്‍ ടൗണ്‍ റേസ്റ്റാറന്റിലേക്ക് സദാചാരപോലീസെത്തിയപ്പോള്‍ കേസന്വേഷണത്തിന്റെ ഗതികള്‍ മാറി. അത് അങ്ങേയറ്റം ഉദാസീനമായി. അവിടെയാരും തീവ്രവാദവും ആസൂത്രിത ഗൂഢാലോചനയും സംശയിച്ചില്ല. നാട്ടിലെവിടെ അക്രമം നടന്നാലും തീവ്രവാദ ബന്ധം സംശയിക്കുന്നവര്‍ തന്നെയായിരുന്നു ഇവിടെ പ്രതിസ്ഥാനത്ത്. തീവ്രഹിന്ദുത്വ ആക്ടിവിസ്റ്റുകള്‍ അനാശാസ്യം ആരോപിച്ച് ഹോട്ടല്‍ തകര്‍ത്തെന്ന് ബി ബി സി പോലും വാര്‍ത്ത നല്‍കിയിട്ടും മുഖ്യധാരയെന്ന് പറയുന്ന മാധ്യമങ്ങള്‍ അതിനെ സമീപിച്ചത് യുവമോര്‍ച്ചയുടെ ഒരു പ്രതിഷേധമെന്ന നിലയിലാണ്. ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളാണ് പിന്നെയും ഈ വിഷയം സജീവമാക്കി നിര്‍ത്തിയത്. കേസന്വേഷണം നടത്തുന്ന പോലീസ് നടത്തുന്ന മെല്ലപ്പോക്കില്‍ പ്രതിഫലിക്കുന്നതും മോദിപ്പേടി തന്നെ. യുവമോര്‍ച്ചയുടെ പ്രധാന നേതാക്കള്‍ തന്നെയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സംഭവദിവസം കോഴിക്കോട് നഗരത്തില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പം അവര്‍ വാര്‍ത്താ സമ്മേളനവും നടത്തി. എന്നിട്ടും ആരെയൊ ഭയക്കുന്നത് പോലെ പ്രതികളെ പിടിക്കാന്‍ പോലീസ് ധൈര്യം കാണിച്ചില്ല.
കൊടിയത്തൂര്‍ കേസിലെ ശിക്ഷാവിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് സമാനമായൊരു സംഭവം വടകര തൊട്ടില്‍പ്പാലത്തും നടന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരുന്ന കാര്യം അന്വേഷിക്കാന്‍ വീട്ടിലെത്തിയ യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുന്നതും മര്‍ദിക്കുന്നതും കണ്ട യുവതി ജീവനൊടുക്കിയതായിരുന്നു സംഭവം. മര്‍ദനത്തിന് ഇരയായത് തൊട്ടില്‍പാലത്ത് ഡ്രൈവറായ ബിനു. ആത്മഹത്യ ചെയ്തത് തൊട്ടില്‍പാലം സ്‌റ്റേഷന്‍ പരിസരത്തെ കോതോടുള്ള ആയലോട്ട് മീത്തല്‍ പ്രസീനയും. ബിനു, പ്രസീനയുടെ വീട്ടിലെത്തുന്നതു കണ്ട ഏതാനും യുവാക്കള്‍ ബിനുവിനെ വീട്ടുമുറ്റത്തും, പുറത്തേക്കു വലിച്ചിഴിച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തി. മര്‍ദനമേറ്റ ബിനുവിനെ പോലീസുകാരാണ് ചികിത്സക്ക് വിധേയമാക്കിയത്. കുറച്ച് സമയത്തിനകം പ്രസീനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിനുവിനെ മര്‍ദിച്ചതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ. ദൗര്‍ഭാഗ്യകരമായ സംഭവത്തിന് പിറ്റേ ദിവസത്തെ രണ്ട് കോളം വാര്‍ത്തയില്‍ ഈ സദാചാര ഇടപെടല്‍ അവസാനിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കൊലപാതകങ്ങളെല്ലാം അപലപനീയമാണ്. ഇതിലെ കുറ്റവാളികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. എന്നാല്‍, നീതി പൂര്‍വകമാണോ ഇക്കാര്യത്തിലെ പോലീസിന്റെ ഇടപെടല്‍? കതിരൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടകേസില്‍ ചുമത്തിയ വകുപ്പുകള്‍ മാത്രം മതി വിവേചനം കാണാന്‍. അമിത് ഷാ തിരുവനന്തപുരത്ത് വന്ന ദിവസമാണ് മനോജ് കൊല്ലപ്പെടുന്നത്. ആര്‍ എസ് എസ് ദേശീയ നേതൃത്വമാണ് സംഭവത്തില്‍ ആദ്യം അപലപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. പിന്നാലെ വന്നു; മനോജ് വധക്കേസ് പ്രതികള്‍ക്കെതിരെ യു എ പി എ. ദേശദ്രോഹികളായ തീവ്രവാദികളെ കൈകാര്യം ചെയ്യാനെന്ന പേരില്‍ കൊണ്ടുവന്ന ഈ കരിനിയമം ഈ കേസില്‍ ചുമത്തിയതിന്റെ യുക്തി അന്നുതന്നെ പലരും ചോദ്യം ചെയ്തു. കാര്യങ്ങള്‍ ഇവിടെ തീര്‍ന്നില്ല. ഈ കേസ് അന്വേഷിക്കാന്‍ കേരളാ പോലീസിന് ധൈര്യം പോരെന്ന് തോന്നും വിധമായിരുന്നു പിന്നീടുള്ള ഇടപെടല്‍. പൊടുന്നനെ കേസ് സി ബി ഐക്ക് വിട്ടു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ തടസ്സവാദങ്ങളൊന്നുമില്ലാതെ സി ബി ഐ അന്വേഷണം ഏറ്റെടുത്തു.
മനോജ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തിന് അരങ്ങരൊങ്ങിയ ഘട്ടത്തില്‍ തന്നെയാണ് കാസര്‍കോട് കുമ്പളയിലെ സി പി എം പ്രവര്‍ത്തകന്‍ പി മുരളി കൊല്ലപ്പെടുന്നത്. പ്രതിസ്ഥാനത്ത് ബി ജെ പി-ആര്‍ എസ് എസ് സംഘമെന്നാണ് സി പി എം ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഈ കേസ് അന്വേഷണത്തില്‍ തികച്ചും തണുപ്പന്‍ സമീപനമാണ് പോലീസിന്. പോലീസിന്റെ നീതിനിര്‍വഹണത്തിലെ നിഷ്പക്ഷതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളാകട്ടെ, അതിലും ഉദാസീനമായി വിഷയത്തെ സമീപിക്കുന്നു.
മോദി അധികാരത്തിലെത്തിയ നാള്‍ തുടങ്ങിയതാണ് പോലീസിന്റെ ഇത്തരം നടപടികള്‍. കുന്നംകുളം പോളിടെക്‌നിക് മാഗസിന്‍ സംഭവം മറ്റൊരുദാഹരണം. കോളജ് മാഗസിനുകള്‍ വിവാദമാകുന്നത് പുതുമയല്ല. എന്നാല്‍, ഇതിന്റെ പേരില്‍ ക്രിമിനല്‍ കേസും അറസ്റ്റും സംഭവിക്കുന്നത് അത്യപൂര്‍വമായിരിക്കും. 2012-13 അധ്യയന വര്‍ഷത്തെ കുന്നംകുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ചിത്രമാണ് കാരണം. “നെഗറ്റീവ് ഫെയ്‌സസ്” എന്ന തലക്കെട്ടില്‍ വീരപ്പന്‍, അജ്മല്‍ കസബ്, ബിന്‍ലാദന്‍, ജോര്‍ജ് ബുഷ്, ഹിറ്റ്‌ലര്‍, മുസോളനി, പ്രഭാകരന്‍ എന്നിവര്‍ക്കൊപ്പം നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പെടുത്തിയതാണ് കേസായത്.
മാഗസിന്‍ പുറത്തിറങ്ങിയതോടെ ബി ജെ പി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആദ്യം പ്രതിഷേധിച്ചു. പതിവ് പോലെ ചില മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ചെന്നായിരുന്നു പ്രചാരണം. യുവമോര്‍ച്ചയുടെ പരാതിയില്‍ മാഗസിന്‍ എഡിറ്ററും പ്രിന്‍സിപ്പലും അടക്കം മാഗസിന്‍ സമിതിയിലെ ഏഴ് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രിന്റ് ചെയ്ത പ്രസ്സുടമയെ പോലും വെറുതെ വിട്ടില്ല. ഹാര്‍ഡ് ഡിസ്‌ക്കും മാഗസിന്‍ കോപ്പികളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ മാഗസിന്‍ പുറത്തിറങ്ങിയതാണെങ്കിലും കേസും അറസ്റ്റും സംഭവിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷമായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ യു എസ് ചാരന്‍ എന്നാക്ഷേപിച്ച് കാര്‍ട്ടൂണുകളടക്കം പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങള്‍ക്കെതിരെയോ മുഖ്യമന്ത്രിയായിരിക്കെ ചൈനീസ് ചാരന്‍ എന്ന് ഇം എം എസിനെ ആക്ഷേപിച്ച മാധ്യമങ്ങള്‍ക്കെതിരെയോ ഇത്തരം നടപടി ഉണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഒരു സാധാരണ പോളിടെക്‌നിക്ക് മാഗസിന്‍ വിവാദമായത്? മാധ്യമങ്ങളുടെ മോദി വാഴ്ത്തലുകള്‍ക്കൊപ്പം പോലീസിന്റെ മോദി ഭക്തി കൂടി ചേരുമ്പോള്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത് മതേതരകേരളം ഉള്‍ക്കൊള്ളണം.

---- facebook comment plugin here -----

Latest