Connect with us

Ongoing News

കേരളത്തിന് കന്നിജയം

Published

|

Last Updated

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കാത്തിരുന്ന ജയം. പൂനെ സിറ്റി എഫ് സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ടൂര്‍ണമെന്റില്‍ ആദ്യമായി വിജയാഹ്ലാദം നടത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സി എസ് സബീത്തും ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും ഗോളുകള്‍ നേടി. പതിനഞ്ചാം മിനുട്ടില്‍ ഡേവിഡ് ട്രെസഗെയുടെ മിന്നും ഗോളില്‍ പൂനെയാണ് ആദ്യം ലീഡെടുത്തത്. നാല്‍പ്പത്തൊന്നാം മിനുട്ടിലായിരുന്നു സബീത്തിലൂടെ കേരളം സമനിലയെടുത്തത്. രണ്ടാം പകുതിയില്‍ പകരക്കാരനായിട്ടിറങ്ങിയ പെന്‍ ഓര്‍ജി അറുപത്തഞ്ചാം മിനുട്ടില്‍ ഫസ്റ്റ് ടച്ച് ഗോളില്‍ കേരളത്തിന്റെ ജയമുറപ്പാക്കി.
ഇതോടെ നാല് മത്സരങ്ങളില്‍നിന്ന് ഒരു വിജയവും ഒരു സമനിലയും രണ്ടു പരാജയവുമുള്ള കേരളത്തിന് നാലു പോയിന്റായി. ഇന്ന് കളിയില്ല.
മത്സരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ട്രസഗെ നേടിയതായിരുന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. ജോണ്‍ ഗൂസന്‍സ് കേരളത്തിന്റെ പ്രതിരോധ നിരക്കാര്‍ ഇന്‍ഡയറക്ട് കിക്കിന് തയ്യാറെടുക്കുമ്പോള്‍ തന്ത്രപരമായി പന്ത് ബോക്‌സിലേക്കടിച്ചിട്ടു. ട്രെസഗെ സൂചന നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് കേരള താരങ്ങള്‍ തിരിച്ചറിഞ്ഞത് പന്ത് വലക്കുള്ളിലേക്ക് ബൂള്ളറ്റ് വേഗത്തില്‍ ഇരച്ച് കയറിയപ്പോള്‍. മുന്‍ നിരയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്ന ട്രെസഗെക്ക് ഈ ഗോള്‍ പിടിവള്ളിയായി. എന്നാല്‍, കൂടുതല്‍ ആസൂത്രണമുള്ള കളി കാഴ്ചവെച്ച കേരളം പതിവ് പോലെ ബോക്‌സിലെത്തുമ്പോള്‍ ലക്ഷ്യം മറന്നു.
സ്റ്റീഫന്‍ പിയേഴ്‌സന്റെ അളന്നെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് കേരളം സമനില ഗോള്‍ നേടിയത്. സെഡ്രിക് ഹെംഗ്ബാര്‍ട് ഹെഡ് ചെയ്ത പന്ത് സബീത്തിന്റെ ദേഹത്ത് തട്ടി വലയില്‍ സുരക്ഷിതമായി കയറി. അണ്ടര്‍ 23 താരത്തിന്റെ കന്നി ഐ എസ് എല്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ ആക്രമണ-പ്രത്യാക്രണങ്ങളിലൂടെ മത്സരം ആവേശകരമായി. സബീത്തും സന്ദേശ് ജിംഗാനും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ പൂനെ ഗോള്‍ മുഖം വിറപ്പിച്ചു. ബ്രസീലിയന്‍ ഗുല്ലെര്‍മെ ഗുസ്‌മോയെ പിന്‍വലിച്ച് പെന്‍ ഓര്‍ജിയെ കളത്തിലിറക്കിയത് നിര്‍ണായകമായി. നാല് മിനുട്ടിനുള്ളില്‍ കെനിയന്‍ താരത്തിന്റെ ബൂട്ടില്‍ നിന്ന് വിധിനിര്‍ണയിച്ച ഗോള്‍ പിറന്നു. വലത് വിംഗില്‍ നിന്ന് ഇയാന്‍ ഹ്യൂം നല്‍കിയ പാസാണ് ഓര്‍ജി വലയിലേക്ക് തള്ളിവിട്ടത്.
മുംബൈയില്‍ നവംബര്‍ രണ്ടിനാണ് കേരളത്തിന്റെ അടുത്ത മത്സരം. ആറിന് കൊച്ചിയില്‍ ആദ്യ ഹോം മാച്ചിനെത്തും.

Latest