Connect with us

Gulf

ദുബൈ റോഡുകളില്‍ പൊലിഞ്ഞത് 131 ജീവനുകള്‍

Published

|

Last Updated

ദുബൈ: കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ ദുബൈയിലെ വിവിധ റോഡുകളില്‍ നടന്ന വാഹനാപകടത്തില്‍ പൊലിഞ്ഞത് 131 ജീവനുകള്‍. എമിറേറ്റ്‌സ് റോഡിലാണ് ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ സംഭവിച്ചത്. ഇവിടെ ഓരോ 50 മണിക്കൂറിലും ഒരാള്‍ വീതം മരിക്കുന്നതായാണ് ദുബൈ പോലീസ് നടത്തിയ പഠനത്തില്‍ നിന്നു വ്യക്തമാവുന്നത്. 120 പുരുഷന്മാരും 11 സ്ത്രീകളുമാണ് മരിച്ചവരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും മുഖ്യ കാരണം പെട്ടെന്ന് വാഹനം ട്രാക്ക് മാറ്റാന്‍ ശ്രമിക്കുന്നതാണെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.
വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാത്തതും അപകടത്തിലേക്ക് നയിക്കുന്നുണ്ട്. മൊത്തം നടന്ന അപകടങ്ങളില്‍ 403നും ഇടയാക്കിയത് പെട്ടെന്ന് വാഹനം തിരിച്ചതായിരുന്നു. ഇതിലൂടെ മാത്രം 37 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട് സംഭവിച്ച അപകടങ്ങളില്‍ 26 പേര്‍ മരിക്കുകയും 306 പേര്‍ക്ക പരുക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവിംഗിനിടെ എടുത്ത തെറ്റായ തീരുമാനത്താല്‍ 197 അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ 16 പേരുടെ ജീവന്‍ നഷ്ടമായി.
മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 299 അപകടങ്ങള്‍ സംഭവിച്ചു. ഇതില്‍ ഒമ്പത് മരണങ്ങളുണ്ടായി. ചുവപ്പ് വെളിച്ചം മറി കടന്നത് 91 അപകടങ്ങള്‍ക്കും ആറു മരണത്തിനും ഇടയാക്കി. ശരിയായി ഉറങ്ങാതെ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട അപകടത്തില്‍ രണ്ടു മരണം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.