Connect with us

Gulf

ആരോഗ്യ ഇന്‍ഷ്വറന്‍സിനെ വിസയുമായി ബന്ധിപ്പിക്കുന്നു

Published

|

Last Updated

ദുബൈ: ഘട്ടം ഘട്ടമായി നിര്‍ബന്ധമാക്കാന്‍ ആരംഭിച്ചിരിക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയെ വിസയുമായി ബന്ധിപ്പിക്കുമെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ മൈദൂര്‍ വ്യക്തമാക്കി. താമസ വിസയുമായാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയെ ബന്ധിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ബന്ധിപ്പിക്കും. നിലവില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ദുബൈ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ മാസത്തിന്റെ അവസാനത്തോടെയാവും ആരോഗ്യ ഇന്‍ഷ്വറന്‍സിനെ വിസയുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിടുക. ആയിരത്തില്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ തൊഴിലാളികള്‍ക്ക് ഉറപ്പാക്കാന്‍ നല്‍കിയിരിക്കുന്ന സമയം നാളെയാണ് അവസാനിക്കുന്നത്.
അടുത്ത മാസം ഒന്നു മുതല്‍ ഇത്തരം കമ്പനികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാവും. ആദ്യഘട്ടത്തില്‍ 70,000 ജീവനക്കാര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ പരിരക്ഷയിലേക്ക് മാറും. 2016 മധ്യത്തോടെ ദുബൈയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാവും. മിക്ക സ്ഥാപനങ്ങളും ഇന്‍ഷ്വറന്‍സിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നതില്‍ സന്തുഷ്ടനാണെങ്കിലും ഇനിയും പല കമ്പനികളും ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കുന്നതില്‍ കാല താമസം വരുത്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം.
ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ തുടങ്ങിയ എല്ലാവരും ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരും. ആരോഗ്യ ഇന്‍ഷ്വറന്‍സ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗുണകരമാവുന്നതിനൊപ്പം പാവപ്പെട്ട ജീവനക്കാര്‍ക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കാനും ഉപകരിക്കുമെന്നും അല്‍ മൈദൂര്‍ പറഞ്ഞു.

 

Latest