Connect with us

Kerala

സ്ത്രീയെ തീവെച്ചു കൊന്ന സംഭവം പ്രതിയെ റെയില്‍വേ പൊലീസിന് കൈമാറി

Published

|

Last Updated

തൃശൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയെ കത്തിച്ചുകൊന്ന കേസിലെ പ്രതിയെ കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറി. സിറ്റിപോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന്റെ നിര്‍ദേശാനുസരണം റെയില്‍വേ ഡി വൈ എസ് പി. പി കെ ശ്രീറാം തൃശൂരിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റഡിയിലെടുത്തയാള്‍ കുറ്റക്കാരനാണോയെന്ന് സംശയാതീതമായി ഉറപ്പിക്കാന്‍ കഴിയാത്തതിനാലും കേസ് സിറ്റി പോലീസിന്റെ അന്വേഷണ പരിധിയില്‍ അല്ലാത്തതിനാലുമാണ് യുവാവിനെ കൈമാറിയത്.
തമിഴ്‌നാട് തേനി കാമാക്ഷിപുരം അംബേദ്കര്‍ കോളനിയില്‍ സുരേഷ് എന്ന കണ്ണന്‍ (25) ആണ് കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കൊണ്ടോട്ടി വിളയില്‍ ചുള്ളിക്കോട്ട് തരുവക്കാടന്‍ വീട്ടില്‍ ഫാത്വിമ(54)യാണ് കഴിഞ്ഞ 20നു കൊല്ലപ്പെട്ടത്. രണ്ട് മാസം മുമ്പാണ് ഇരുവരും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ടത്. സംഭവ ദിവസം ഇരുവരും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാഹിയിലേക്ക് തീവണ്ടി കയറി. അവിടെ നിന്ന് മദ്യം വാങ്ങിയ ഇരുവരും കണ്ണൂരിലെത്തി. ഇതിനിടെ തീവണ്ടിയിലിരുന്ന് മദ്യപിക്കുകയും ചെയ്തു.
മംഗലാപുരത്തേക്കു പോകാനുള്ള പ്രതിയുടെ നിര്‍ബന്ധത്തിനു ഫാത്വിമ വഴങ്ങിയില്ല. ഇതില്‍ പ്രകോപിതനായ യുവാവ് പെട്രോള്‍ സ്ത്രീയുടെ ശരീരത്തിലൊഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാത്വിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷ് ഇറങ്ങി ഓടുന്നത് യാത്രക്കാര്‍ കണ്ടിരുന്നു. അന്ന് രാത്രി കണ്ണൂരിലെ ബസ് സ്റ്റാന്‍ഡില്‍ കറങ്ങിയ സുരേഷ് പിറ്റേന്ന് കോഴിക്കോട്ടെത്തി രണ്ട് ദിവസം താമസിച്ചിരുന്നു. അതിനിടെ സുരേഷിനെ സംശയിച്ച് കോഴിക്കോട് പോലീസ് പിടികൂടിയിരുന്നെങ്കിലും തെളിവ് ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. തൃശൂരിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് സുരേഷ് പോലീസ് പിടികൂടുമെന്നായപ്പോള്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഫാത്വിമ അസാന്മാര്‍ഗിക ബന്ധത്തിനും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരികള്‍ക്കും അടിമയായിരുന്നു. പലരില്‍ നിന്നായി പണം തട്ടുകയും അനാശാസ്യത്തിനായി പണം വാങ്ങിയ ശേഷം വിശ്വാസ വഞ്ചന നടത്തുന്നതും പതിവായിരുന്നു. ഇത്തരത്തില്‍ സുരേഷിനെ വഞ്ചിച്ചതിന്റെ പേരിലാണ് കൊല നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ സുരേഷ് പോലീസിനോട് വെളിപ്പെടുത്തിയത്.