Connect with us

Kasargod

കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടുന്നതിനിടെ വീട്ടുടമക്ക് വീണ് പരുക്ക്

Published

|

Last Updated

കാറഡുക്ക: വിള നശിപ്പിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെ വിരട്ടി ഓടിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് യുവ കര്‍ഷകനു പരുക്കേറ്റു. കൊളത്തിങ്കാലിലെ കെ രവീന്ദ്രനാണ്(38) വീണ് നട്ടെല്ലിന് പരുക്കേറ്റത്. വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി നാലു കാട്ടാനകള്‍ രവീന്ദ്രന്റെ പറമ്പില്‍ വിള നശിപ്പിക്കാനെത്തിയിരുന്നു. ശബ്ദംകേട്ട് രവീന്ദ്രനും അയല്‍ക്കാരും പുറത്തിറങ്ങിയപ്പോഴാണ് ആനക്കൂട്ടം കൃഷിയിടം നശിപ്പിക്കുന്നത് കണ്ടത്. തുടര്‍ന്ന് ശബ്ദമുണ്ടാക്കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആനകൂട്ടം ഓടിയെത്തുകയായിരുന്നു. ഓടുന്നതിനിടയിലാണ് രവീന്ദ്രന് സമീപത്തെ കുഴിയില്‍ വീണ് പരുക്കേറ്റത്.
ആനകളെ ബഹളംവെച്ച് ഓടിക്കുന്നതിനിടെ ആനകള്‍ തിരിഞ്ഞോടുകയും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ രവീന്ദ്രന്‍ പറമ്പിലെ കുഴിയില്‍ വീഴുകയുമായിരുന്നു. കാറഡുക്ക, പാണ്ടി, കൊട്ടംകുഴി, മുള്ളേരിയ, നെയ്യംകയം, കാനത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെയായി കാട്ടാന ശല്യം വ്യാപകമാണ്.
രവീന്ദ്രന്റെ 20 തെങ്ങുകളും 100 വാഴകളും 30 കവുങ്ങും രാഘവന്‍നായരുടെ 16 തെങ്ങും നൂറോളം വാഴകളും മാധവന്‍നായരുടെ 100 കവുങ്ങുകളും 40 റബര്‍ മരങ്ങളും മോട്ടോര്‍ ഷെഡ്ഡും നശിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് രാത്രിതന്നെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. ഈ ഭാഗത്ത് ഏതാനും ആഴ്ചകളായി ആനകൂട്ടം ഇറങ്ങി കൃഷിയിടം നശിപ്പിക്കാന്‍ തുടങ്ങിയിട്ട്. വീട്ടുകാരെ അക്രമിക്കുന്നത് ആദ്യമാണ്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്.

 

Latest