പ്രവാചക നിന്ദ: ഡിവൈഎഫ്‌ഐ നേതാവിന് സസ്പന്‍ഷന്‍

Posted on: October 30, 2014 11:14 am | Last updated: October 30, 2014 at 12:34 pm
SHARE

anilകണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിന്ദിച്ച് പ്രസംഗം നടത്തിയ പാര്‍ട്ടി നേതാവിനെ സിപിഐ(എം)സസ്പന്റ്‌ചെയ്തു. ഡിവൈഎഫ്‌ഐ നേതാവും സിപിഐ(എം)ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗവുമായ എം അനില്‍കുമാറിനെയാണ് മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സസ്പന്റ്‌ചെയ്തത്.

പാര്‍ട്ടി നയത്തിന് വിരുദ്ധമായി അനില്‍ കുമാര്‍ പ്രസംഗിച്ചതിനാലാണ് നടപടിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രസംഗത്തില്‍ പ്രവാചകനെ കുറിച്ച് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ(എം) നേതൃത്വം പറഞ്ഞു. മതത്തോടും വിശ്വാസത്തോടുമുള്ള പാര്‍ട്ടിയുടെ നിലപാടിനോട് യോജിക്കുന്നതല്ല അനില്‍കുമാറിന്റെ പരാമര്‍ശങ്ങളെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേസമയം തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് അനില്‍കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
“ഞാന്‍ ഇസ്ലാം മതത്തെ മഹത്തായൊരു മതമായി കാണുന്ന ഒരു മതേതരവാദിയാണ് .പ്രസംഗങ്ങളില്‍ ഏറെയും നബിയുടെ ഉദാരതയേയും ഇസ്ലാമിക നന്മയേയും പ്രകീര്‍ത്തിക്കാറുണ്ട് .എന്നാല്‍ എന്റെ വായനയില്‍Dr.N.M.മുഹമ്മദലിയുടെ ‘മുഹമ്മദ് എന്ന മനുഷ്യന്‍’ എന്ന പുസ്തകവും ഖൂര്‍ആനിലെ അല്‍ഹിസാബില്‍(അദ്ധ്യായം:33) പറയുന്ന സെയ്ത് ഇബ്‌നു ഹാരിസിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരാമര്‍ശവും വായിച്ചപ്പോള്‍ ഉണ്ടായ ആശയ കുഴപ്പം എന്റെ പ്രസംഗത്തില്‍ ഉണ്ടായിട്ടുണ്ട്.അല്ലാതെ പ്രവാചക നിന്ദ ആയിരുന്നില്ല ഉദ്ദേശം.ലോകത്ത് എങ്ങുമുള്ള എന്റെ മുസ്ലിം സുഹൃത്തുക്കള്‍ ഇത് ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ക്ഷമ ലോകത്തിന് പഠിപ്പിച്ച പ്രവാചകന്റെ മതമാണ് ഇസ്ലാം”മെന്നും ഫേസ്ബുക്കിലൂടെ പറഞ്ഞു.