Connect with us

Thrissur

അക്വാട്ടിക് കോംപ്ലക്‌സില്‍ തീപ്പിടിത്തം; ഒഴിവായത് വന്‍ ദുരന്തം

Published

|

Last Updated

തൃശൂര്‍: അക്വാട്ടിക് കോംപ്ലക്‌സില്‍ വന്‍ തീപ്പിടിത്തം. നീന്തല്‍ താരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വനിതാ നീന്തല്‍ താരങ്ങള്‍ താമസിച്ചിരുന്ന മുകള്‍ നിലയിലെ ഡോര്‍മിറ്ററിയില്‍ തീപിടിത്തമുണ്ടായത്. ലഗേജുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന 24 നീന്തല്‍ താരങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കത്തി നശിച്ച ഡോര്‍മിറ്ററിയുടെ വാതില്‍ തകരുന്ന ശബ്ദം കേട്ടാണ് കുട്ടികള്‍ ഞെട്ടിയെണീക്കുന്നത്. മുറിയുടെ വാതില്‍ തുറന്നയുടന്‍ പുക വന്ന് നിറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയും മുമ്പേ കുട്ടികള്‍ ഇറങ്ങിയോടി. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന കോച്ച്, ടീം മാനേജര്‍ എന്നിവര്‍ വന്നു നോക്കുമ്പോള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിയമരുന്നതാണ് കണ്ടത്. ഉടന്‍ പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചു.
തൃശൂര്‍ ഫയര്‍ ഫോഴ്‌സ് യൂനിറ്റില്‍ നിന്നുമെത്തിയ അഗ്നിശമനസേനാ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ ഭാഗങ്ങളിലേയ്ക്ക് തീപടരാതെ സഹായിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള സീനിയര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി രണ്ടാഴ്ച്ച മുമ്പാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഇവിടെയെത്തിയത്. 45ാമത് സംസ്ഥാന സ്‌കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ പതിവ് ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കൂടുതലാണ് അക്വാട്ടിക് കോംപ്ലക്‌സില്‍.
ഇവര്‍ക്കു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരാജയമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് അപകടം സംഭവിച്ചിട്ടും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണെന്ന ആക്ഷേപവും ശക്തമാണ്.
വയറിംഗിന്റെ കാലപ്പഴക്കമാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് സ്വിമ്മിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി വി പങ്കജാക്ഷന്‍ ചൂണ്ടിക്കാട്ടി. റീ വയറിംഗ് നടത്താന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിരാകരിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.