Connect with us

Palakkad

ഇ-ടോയ്‌ലറ്റ് നിര്‍മാണം ത്വരിതപ്പെടുത്തണം

Published

|

Last Updated

പാലക്കാട്: ജില്ലാ കോടതിക്ക് സമീപം ഇ-ടോയ്‌ലറ്റ് നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കും.
പുതുനഗരം ഗ്രാമപഞ്ചായത്തിലെ അറവ് ശാലകളില്‍ നിന്നുളള മാലിന്യങ്ങള്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്തില്‍ നിക്ഷേപിക്കുകയാണെന്നും എല്ലാ പഞ്ചായത്തുകളിലും ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ശുചിത്വമിഷന്‍ പദ്ധതി തയ്യാറാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യാശുപത്രികളില്‍ ചികിത്സക്കെത്തുന്ന സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണ സേവനങ്ങള്‍ക്ക് അമിത തുക നല്‍കേണ്ടി വരുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് വികസന സമിതി ആവശ്യപ്പെട്ടു.
റേഷന്‍ കടകളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന അരി കരിഞ്ചന്ത വഴി വിറ്റഴിക്കുന്നവര്‍ക്കെതിരെയും മായം ചേര്‍ത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. സപ്ലൈകോ നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകരില്‍ നിന്നും കയറ്റിറക്ക് കൂലി കൂടി ഈടാക്കരുതെന്നും അഭിപ്രായപ്പെട്ടു. ജില്ലാ ആശുപത്രിക്ക് സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടി വേണമെന്നും സമിതി അഭിപ്രായപ്പെട്ടു. മിച്ചഭൂമി പതിച്ചു കൊടുത്തവര്‍ക്ക് കൈവശം ഭൂമിയുണ്ടോ എന്ന് പരിശോധിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കുമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ അറിയിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാബു അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പുദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Latest