Connect with us

Kozhikode

ഗവര്‍ണര്‍ക്കെതിരെ യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന ഗവര്‍ണക്കെതിരെ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രൂക്ഷവിമര്‍ശം. കേരളം കേന്ദ്രഭരണ പ്രദേശമല്ലെന്നും ജനാധിപത്യ രീതിയില്‍ തിരെഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്നത് ഗവര്‍ണര്‍ വിസ്മരിക്കരുതെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ദുരുദ്ദേശ്യപരവും ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ചാന്‍സലര്‍ പദവി നാളിതുവരെയായി വഹിച്ച ഒരു ഗവര്‍ണറും ഈ രീതിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതായി കേട്ടുകേള്‍വിയില്ല. സര്‍വകലാശാലകളുടെ സ്വയം ഭരണത്തെ തകര്‍ക്കുന്ന നടപടിയാണിത്. പ്രൊ ചാന്‍സലര്‍ പദവി വഹിക്കുന്ന വിദ്യാഭ്യാസ മന്ത്രിയിലാണ് കേരളത്തിലെ സര്‍വകലാശാലകളുടെ ഏകോപനത്തിനുള്ള അധികാരം. ഗവര്‍ണറുടെ നടപടി ഏകാധിപത്യ ശൈലിയിലുള്ളതാണ്. പ്രസിഡന്‍ഷ്യല്‍ സിസ്റ്റം കൊണ്ടുവരുന്നതിന് ജനങ്ങളുടെ മനോഘടന മെല്ലെമെല്ലെ ഒരുക്കിയെടുക്കുന്ന മോഡി തന്ത്രത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടിയെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. കെ എം അബ്ദുല്‍ ഗഫൂര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ പി താഹിര്‍, സി പി എ അസീസ്, പി എ അഹമ്മദ് കബീര്‍ പങ്കെടുത്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു.