Connect with us

Kozhikode

കോഴിക്കോടിന് ദിലീപിന്റെ പുട്ടുകട- ദേ പുട്ട്

Published

|

Last Updated

കോഴിക്കോട്: ഭക്ഷണപ്രിയരുടെ ഈറ്റില്ലമായ കോഴിക്കോടിന്റെ രസമുകുളങ്ങളെ ത്രസിപ്പിക്കാന്‍ ഇനി “ദേ പുട്ട്” റസ്റ്റോറന്റും. 85ഓളം വത്യസ്ത ഇനം പുട്ടുകളുമായാണ് സിനിമാതാരം ദിലീപിന്റെ നേതൃത്വത്തിലുള്ള “ദേ പുട്ട്” കോഴിക്കോട്ടെത്തിയിരിക്കുന്നത്.
ചിരട്ടപ്പുട്ട്, മാമ്പഴപ്പുട്ട്, ഇറച്ചിപ്പുട്ട്, ഗോതമ്പ്പുട്ട്, നൂല്‍പ്പുട്ട്, റാഗിപ്പുട്ട്, കപ്പപ്പുട്ട്, പൊരിച്ചിറച്ചി പുട്ട്, പാല്‍പ്പുട്ട് തുടങ്ങി വിവിധതരം പുട്ടുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉടമകളില്‍ ഒരാളായ ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലര്‍പ്പില്ലാത്ത, ആവിയില്‍ പാകം ചെയ്ത ആഹാരം ജനങ്ങള്‍ക്ക് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോടും ദേ പുട്ട് ആരംഭിച്ചതെന്നും ദിലീപ് പറഞ്ഞു.
പുട്ടിന്റെ സ്ഥിരം കൂട്ടായ കടലയില്‍ നിന്ന് വ്യത്യസ്തമായി നെയ്മീനും താറാവിറച്ചിയും ഉള്‍പ്പെട്ട കറികളും ഒരുക്കും. ഉച്ചക്ക് പുട്ടുതാലിയാണ് പ്രത്യേക വിഭവം. 80 രൂപ മുതല്‍ 200 രൂപ വരെയുള്ള പുട്ട് ഇനങ്ങള്‍ ഇവിടെ നിന്ന് കഴിക്കാം. നോണ്‍വെജ് പുട്ട് ഇനങ്ങള്‍ക്കാണ് ചാര്‍ജ് കൂടുതല്‍. പകല്‍ 12 മുതല്‍ അര്‍ധരാത്രി 12 വരെയാണ് റസ്റ്റോറന്റിന്റെ പ്രവര്‍ത്തന സമയം. ഇന്ന് രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ദേ പുട്ട് ഉദ്ഘാടനം ചെയ്യും.
പുതിയറ സബ്ജയില്‍ റോഡിലെ താരിഫ് ആര്‍ക്കേഡില്‍ 7000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് റസ്റ്റോറന്റ്ഒരുക്കിയിരിക്കുന്നത്. ദിലീപിനെ കൂടാതെ സുഹൃത്തുക്കളായ നാദിര്‍ഷാ, നദീര്‍, ശ്രീകാന്ത് ഭാസി, ചന്ദ്രശേഖര്‍, ഉല്ലാസ് എന്നിവരും സഹഉടമകളാണ്.

 

Latest