Connect with us

Malappuram

ചേരിയം മലയിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റം; മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published

|

Last Updated

മങ്കട: ചേരിയം മലയിലെ സക്കാര്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അന്യാധീനപ്പെട്ട് കിടക്കുന്ന 650 ഏക്കറോളം വരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തുകയും ഇത് സംബന്ധിച്ചുള്ള നിവേദനം നല്‍കുകുയം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കിലെ മങ്കട, കീഴാറ്റൂര്‍ വില്ലേജുകളിലായി പരന്ന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനി കൈയേറ്റം നടത്തിയതായി വ്യാപകമായി പരാതിയുണ്ടെന്നും പ്രസ്തുത ഭൂമി റീ സര്‍വ്വെ നടത്തി അധികം വരുന്ന ഭൂമി അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ടി എ അഹമ്മദ് കബീര്‍ എം എല്‍ എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍, ചേരിയം മലയിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ചും സര്‍വ്വേ നടത്താന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സംബന്ധിച്ചുമാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ചേരിയം മല റീ സര്‍വ്വെ നടത്തുന്നതിനുള്ള നടപടി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
അതിനിടെ ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറില്‍ നിന്നും വിശദീകരണം തേടിയതായും അദ്ദേഹം അറിയിച്ചു. മങ്കട, കീഴാറ്റൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട ചേരിയം മലയില്‍ രണ്ടായിരം ഏക്കറിലധികം ഭൂമിയാണുള്ളത്. പ്രസ്തുത ഭൂമിയില്‍ 1068.32 ഏക്കര്‍ ഭൂമി കുമാരഗിരി ഗ്രൂപ്പ് എസ്റ്റേറ്റിന് ഉടമസ്ഥതയിലാണ്. 294 ഏക്കര്‍ ഭൂമി വനം വകുപ്പിന്റെ കൈവശത്തിലുമാണെന്നാണ് റവന്യൂ രേഖകളില്‍ തന്നെ പറയുന്നത്. ഇതില്‍ 639 ഏക്കര്‍ വരുന്ന അധിക ഭൂമി സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. നിലവിലെ സാഹചര്യമനുസരിച്ച് വനം വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയൊഴികെ ബാക്കി വരുന്ന ഭൂമിയെല്ലാം ഈ സ്വകാര്യ കമ്പനിയാണ് അടക്കി അനുഭവിച്ച് വരുന്നത്. ഭൂമി ഏറ്റെടുക്കാനായാല്‍ മങ്കട നിയോജക മണ്ഡലത്തിലെ ആയിരക്കണക്കായ ഭൂ രഹിത കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാനാവും. ജില്ലയിലെ തന്നെ വിവിധ വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാക്കാനാവും.