Connect with us

Malappuram

കലക്ടര്‍ സമ്മാനം പ്രഖ്യാപിച്ചു; എം എസ് പിയിലെ താരങ്ങള്‍ക്ക് പരിശീലനത്തിന് സിന്തറ്റിക്ക് ഗ്രൗണ്ട്

Published

|

Last Updated

മലപ്പുറം: ഒടുവില്‍ ആ സമ്മാനം കലക്ടര്‍ പറഞ്ഞു. സുബ്രതോ കപ്പ് ഫൈനലില്‍ ബ്രസീലിനെ വിറപ്പിച്ച മലപ്പുറം എം എസ് പി സ്‌കൂള്‍ ടീമിന് നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാനസര്‍ക്കാറിന്റെ വക വലിയ സമ്മാനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സമ്മാനമെന്തെന്ന് പറയുന്നില്ല, അത് വലിയ സമ്മാനമായിരിക്കും. ഉടന്‍ തന്നെ അത് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. ഇന്നലെ മലപ്പുറത്ത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എം എസ് പി ടീമിന് നല്‍കിയ സ്വീകരണത്തില്‍ ആ സമ്മാനം കലക്ടര്‍ കെ ബിജു പ്രഖ്യാപിച്ചു. എം എസ് പി വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനായി സിന്തറ്റിക്ക് പരിശീലന ഗ്രൗണ്ട്. അതിനുള്ള പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് കലക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രൗണ്ട് യാഥാര്‍ഥ്യമാകുന്നതോടെ ഉന്നത രീതിയിലുള്ള പരിശീലനം നല്‍കാന്‍ സാധിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ജീല്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരം കലക്ടര്‍ വിതരണം ചെയ്തു. ടീം മാനേജ്‌മെന്റിനുള്ള പുരസ്‌കാരം എം എസ് പി അസി. കമാന്‍ഡന്റ് മുരുകേഷ് മാത്യു ഏറ്റുവാങ്ങി. മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ ഗോപാലകൃഷ്ണന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഉണ്ണി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍കരീം, ടീം കോച്ച് ബിനോയ് ജയിന്‍ സംസാരിച്ചു.