Connect with us

Malappuram

അര നൂറ്റാണ്ട് പിന്നിട്ട കൊണ്ടോട്ടി പി സി സി സൊസൈറ്റി വിസ്മൃതിയിലേക്ക്‌

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടിയിലേയും സമീപ പ്രദേശങ്ങളിലെ 15 പഞ്ചായത്തുകളിലേയും സാധാരണക്കാര്‍ക്ക് ഭക്ഷ്യ ധാന്യം എത്തിച്ചിരുന്ന കൊണ്ടോട്ടി പ്രൊഡ്യുസേഴ്‌സ് കം കണ്‍സ്യൂമേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി വിസ്മൃതിയിലേക്ക്.
കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ റേഷന്‍ കടകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്ന മൊത്ത വിതരണ സംഘമായിരുന്നു സൊസൈറ്റി. കട ബാധ്യതകള്‍ കാരണം കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. സൊസൈറ്റിയില്‍ നിലവില്‍ എട്ടു ജീവനക്കാരാണുള്ളത്. രണ്ട് പേര്‍ അവധിയില്‍ വിദേശത്താണ്. കഴിഞ്ഞ എട്ടുമാസമായി നിലവിലെ ആറു ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ട്. പ്രതി മാസം ശരാശരി നൂറു ലോഡ് റേഷന്‍ സാധനങ്ങളാണ് സൊസൈറ്റി വിവിധ റേഷന്‍ കടകളിലേക്കായി എത്തിച്ചിരുന്നത്. അങ്ങാടിപ്പുറത്ത് നിന്നാണ് സാധനങ്ങള്‍ കൊണ്ടുവന്നിരുന്നത്. ഒരു ക്വിന്റലിന് 24 രൂപയാണ് സര്‍ക്കാര്‍ കമ്മീഷന്‍ അനുവദിച്ചിരുന്നത്. കാലം കഴിഞ്ഞിട്ടും കമ്മീഷന്‍ വര്‍ധിക്കുകയുണ്ടായില്ല.
വാഹന വാടക 4500ല്‍ അധികമാവുകയും ചെയ്തതോടെ ഭക്ഷ്യ വസ്തുക്കള്‍ എടുക്കുന്നത് സൊസൈറ്റി നിര്‍ത്തിവെക്കുകയും ചെയ്തു. റേഷന്‍ കട ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും മറ്റുമായി ജില്ലാ സഹകരണ ബേങ്കില്‍ നിന്ന് 60 ലക്ഷം രൂപ സൊസൈറ്റി കടമെടുത്തിരുന്നു. ഇത് വീട്ടുന്നതിനായി മെയിന്‍ റോഡില്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വില്‍ക്കുകയുണ്ടായി.
സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളവും പി എഫ് ആനുകൂല്യങ്ങളും നല്‍കുന്നതിനും ഇതിനിടെ റേഷന്‍ കടക്കാരില്‍ നിന്നും കടം വാങ്ങിയ 30 ലക്ഷം രൂപയും മറ്റും നല്‍കുന്നതിനായും കൊണ്ടോട്ടി 17 ലുള്ള സൊസൈറ്റിയുടെ ആസ്ഥാന കെട്ടിടമുള്‍പ്പടെ 65 സെന്റ് സ്ഥലം വില്‍ക്കാനൊരുങ്ങുകയാണ് സൊസൈറ്റി. സൊസൈറ്റിയുടെ ആസ്തിയെല്ലാം വിറ്റൊഴിക്കുന്നതോടെ അര നൂറ്റാണ്ടുകാലത്തെ കൊണ്ടോട്ടിയുടെ മറ്റൊരു ചരിത്രമാണ് അസ് തമിക്കുന്നത്. ആദ്യകാലത്ത് സാധരണക്കാരായ ജനങ്ങള്‍ അഞ്ചു രൂപ ഷെയറെടുത്ത് തുടങ്ങിയതാണ് സൊസൈറ്റി.