Connect with us

Wayanad

സര്‍വകക്ഷി ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

ഗൂഡല്ലൂര്‍: ഊട്ടി-മൈസൂര്‍ ദേശീയ പാത “ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി, വ്യാപാരി സംഘം, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണം.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു ഹര്‍ത്താല്‍. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ സമാധാന പരമായിരുന്നു. ഡി എം കെ, ഡി എം ഡി കെ, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ പി, വിടുതലൈ ശിറുതൈ, ഐ യു എം എല്‍, പി എം കെ, എം ഡി എം കെ, നാംതമിഴര്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ചേരമ്പാടി, ദേവാല, നാടുകാണി, അയ്യംകൊല്ലി, എരുമാട്, പാട്ടവയല്‍, ബിദര്‍ക്കാട്, നെല്ലാക്കോട്ട, ദേവര്‍ഷോല, പാടന്തറ, മസിനഗുഡി, നടുവട്ടം തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഓട്ടോ, ജീപ്പ്, കാര്‍, വാന്‍ തുടങ്ങിയ ടാക്‌സി വാഹനങ്ങളൊന്നും സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തിയില്ല. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ സര്‍വീസ് നടത്തി. ബസുകളില്‍ യാത്രക്കാര്‍ നന്നേകുറവായിരുന്നു. കേരള-കര്‍ണാടക കെ എസ് ആര്‍ ടി സി ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഹാജര്‍നില കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. കുണ്ടും കുഴിയുമായി റോഡ് പാടെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. പത്ത് വര്‍ഷം മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത്. അതിന് ശേഷം അറ്റകുറ്റ പ്രവൃത്തികള്‍പോലും നടത്തിയിട്ടില്ല. ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലെത്താന്‍ മണിക്കൂറുകളാണ് ഇപ്പോള്‍ പിടിക്കുന്നത്. റോഡിന്റെ തകര്‍ച്ച കാരണം ചരക്ക് വാഹനങ്ങള്‍ വരാത്തതിനെത്തുടര്‍ന്ന് വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. റോഡ് ഉടന്‍ നന്നാക്കിയിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഊട്ടിയിലേക്ക് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം എത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ റോഡ് ടാറിംഗ് നടത്തുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഹര്‍ത്താല്‍ വിവരം അറിയാതെ ഗൂഡല്ലൂരിലെത്തിയ ധാരാളം സഞ്ചാരികള്‍ ഇന്നലെ ദുരിതത്തിലായി.