Connect with us

Wayanad

പട്ടികജാതിക്കാരന്റെ മൃതദേഹം കുറുമ സമുദായത്തിന്റെ ശ്മശാനത്തില്‍ സംസ്‌കരിച്ചതിനെച്ചൊല്ലി വിവാദം

Published

|

Last Updated

മീനങ്ങാടി: പട്ടികജാതിക്കാരന്റെ മൃതദേഹം കുറുമ സമുദായത്തിന്റെ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചതിനെച്ചൊല്ലി വിവാദം.
ചീരാംകുന്ന് സ്വദേശി കറുപ്പന്‍ എന്നയാളുടെ മൃതദേഹം എട്ടുദിവസം മുമ്പ് സംസ്‌ക്കരിച്ചതിനെച്ചൊല്ലിയാണ് വിവാദം. മീനങ്ങാടി പഞ്ചായത്ത് പൊതു ശ്മശാനവും കുറുമ സമുദായത്തിന്റെ ശ്മശാനവും തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ശ്മശാനവും തമ്മില്‍ വേര്‍തിരിക്കാന്‍ വേലിയില്ല. രാത്രിയിലാണ് കറുപ്പന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. രാത്രിയായതിനാല്‍ സ്ഥലമറിയാതെ കുറുമ സമുദായക്കാരുടെ സ്ഥലത്തേക്ക് കയറി അബദ്ധത്തില്‍ കറുപ്പന്റെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. സംസ്‌ക്കാരം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് സംഭവം വിവാദമായത്. കുറുമ വിഭാഗത്തിന്റെ ശ്മശാനം കയ്യേറാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് ആരോപിച്ച് കുറുമ വിഭാഗക്കാര്‍ രംഗത്തുവന്നതോടെ പ്രശ്‌നം കൂടുതല്‍ വിവാദമായി. മൃതദേഹം പുറത്തെടുത്ത് മാറ്റി സംസ്‌ക്കരിക്കണമെന്നാണ് കുറുമ സമുദായക്കാര്‍ ഉന്നയിക്കുന്നത്. ഇതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുപക്ഷവുമായും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ സംസാരിച്ചിരുന്നു. രാത്രിയായതിനാല്‍ അറിയാതെ പറ്റിയതാണെന്നാണ് കറുപ്പന്റെ കുടുംബം പ്രസിഡന്റിനെ അറിയിച്ചത്. എന്തായാലും കറുപ്പന്റെ മൃതദേഹം തങ്ങളുടെ ശ്മശാനത്തില്‍ നിന്നു മാറ്റണമെന്നാണ് കുറുമ സമുദായം പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളെയും വിളിച്ചുകൂട്ടി ഇന്നലെ ചര്‍ച്ച നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പഞ്ചായത്തിന്റെ അറിവോടുകൂടിയാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്ന രീതിയിലുള്ള ആരോപണവുമായി കുറുമസമുദായക്കാര്‍ ടൗണില്‍ പ്രകടനം നടത്തിയതോടെ ചര്‍ച്ച നടന്നില്ല.
വിഷയത്തില്‍ തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ മീനങ്ങാടി പഞ്ചായത്ത് ഇന്ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. മീനങ്ങാടിയിലെ ആദ്യകാല തയ്യല്‍തൊഴിലാളിയായിരുന്നു കറുപ്പന്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുറുപ്പന്‍ രോഗങ്ങളാല്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ കുറിപ്പ് എഴുതിവച്ചശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇയാളുടെ കുടുംബാംഗങ്ങളും വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. മൃതദേഹം സംസ്‌ക്കരിച്ചതിനെച്ചൊല്ലി വിവാദം ഉയര്‍ന്നതോടെ കുടുംബം മാനസിക സംഘര്‍ഷത്തിലാണ്.

Latest