Connect with us

National

മദ്യനിരോധം: കര്‍ണാടക കേരളത്തെ മാതൃകയാക്കണം- കാന്തപുരം

Published

|

Last Updated

ഭട്കല്‍(കര്‍ണാടക): സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണമെന്നും ഈ വിഷയത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ “മാനവിക കുലത്തെ ആദരിക്കുക” എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കര്‍ണാടക യാത്രക്ക് ഉത്തര കര്‍ണാടകയിലെ ഭട്കലില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മദ്യമുക്ത സമൂഹത്തെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. നേരത്തെ താന്‍ നടത്തിയ കേരളയാത്രയിലുടനീളം കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ കേരളസര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ നിരോധം നയമായി രൂപവത്കരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു, കാന്തപുരം പറഞ്ഞു.
ഭട്കലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ വഖ്ഫ് ബോര്‍ഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് മംസര്‍ ഹുസൈന്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഖാറവാറ ഖാസി മൗലാനാ ഇശ്തിയാഖ് അഹ്മദ് ആലം, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ ശരീഫ് റഹ്മാന്‍, ഇഖ്ബാല്‍ അഹ്മദ്, ഹൊറവാണ മഠത്തിലെ സ്വാമി. കെ ടി ജോയിസ്, ഭട്കല്‍ ചര്‍ച്ചിലെ ഫാദര്‍ അല്‍വിന്‍ ഡിസൂസ എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് അഞ്ചിന് ഉടുപ്പിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കര്‍ണാടക നഗര വികസന മന്ത്രി വിനയകുമാര്‍ സൊറക്കെ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ശിതുര മഠാധിപതി ലക്ഷ്മീവര തീര്‍ത്ഥ സ്വാമിജി, ബാലകുദ്ര സ്വാമിജി, ഫാദര്‍ സ്റ്റേഡി ലോബോ, പ്രമേദ് മധ്വരാജ് എം എല്‍ എ, ഗോപാല പൂജാരി ബൈത്തൂര്‍, ജെ ഡി എസ് ജില്ലാ പ്രസിഡന്റ് പ്രസാദ് ശെട്ടി, യുവരാജ് ഉടുപ്പി, കെ പി സി സി പ്രസിഡന്റ് എം എ ഗഫൂര്‍, സയ്യിദ് കുറാ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചിക്മംഗളൂരിലും വൈകീട്ട് 4 മണിക്ക് സക്‌ലേഷ് പൂരിലും രാത്രി ഒമ്പത് മണിക്ക് തുംകൂരിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് മംഗലാപുരത്ത് നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.