Connect with us

Kerala

വൈദ്യുതി മോഷണം: 17.74 ലക്ഷം രൂപ പിഴ ചുമത്തി

Published

|

Last Updated

തിരുവനന്തപുരം: വിവിധയിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി വൈദ്യുതി മോഷണങ്ങള്‍ പിടിച്ചു. കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
നിലമ്പൂര്‍ ഡിവിഷനില്‍ നടത്തിയ പരിശോധനയില്‍ പൂക്കോട്ടുപാടം സെക്ഷനില്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് ഹോസ്റ്റലിലേക്ക് വൈദ്യുതി ഉപയോഗിച്ചതിന് 69,000 രൂപയും കേബിള്‍ ടി വി ഇന്‍ജെക്ടറിന് ഗാര്‍ഹിക കണക്ഷന്‍ ഉപയോഗിച്ചതിന് 86,000 രൂപയും കാര്‍ഷിക കണക്ഷന്‍ വീട്ടാവശ്യത്തിന് ദുരുപയോഗം ചെയ്തതിന് 10,000 രൂപയും കടയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലെ സ്‌പ്രേ പെയിന്റിംഗ് സ്ഥാപനത്തിലേക്ക് വൈദ്യുതി ഉപയോഗിച്ചതിന് 1, 42, 350 രൂപയും പിഴ ചുമത്തി. ഫര്‍ണിച്ചര്‍ വര്‍ക് ഷോപ്പിലേക്ക് വൈദ്യുതി ഉപയോഗിച്ചതിന് 1,89,800 രൂപയും വ്യാപാര സമുച്ചയത്തില്‍ നിന്ന് പുറത്തുള്ള സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലേക്ക് വൈദ്യുതി ഉപയോഗിച്ചതിന് 1, 89, 800 രൂപയും പിഴയിട്ടു.
നിലമ്പൂര്‍ സെക്ഷന് കീഴില്‍ ഹോളോബ്രിക്‌സ് നിര്‍മാണകേന്ദ്രത്തില്‍ മീറ്ററിലേക്കുള്ള വയറില്‍ നിന്ന് നേരിട്ട് വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തി. കരുളായി സെക്ഷന് കീഴില്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് നിര്‍മാണാവശ്യത്തിന് വൈദ്യുതി ഉപയോഗിച്ചതും പിടികൂടി.
ചുങ്കത്തറ സെക്ഷനില്‍ കാര്‍ഷിക കണക്ഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി മതപാഠശാലയിലേക്ക് ഉപയോഗിച്ചതിനും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനും പിഴയിട്ടു.
പാമ്പാടി സെക്ഷന്‍ പരിധിയിലുള്ള വെന്നിമലയിലെ ജിസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ എച്ച് ടി കണക്ഷനില്‍ നിന്ന് നിര്‍മാണാവശ്യത്തിന് വൈദ്യുതി ദുരുപയോഗം ചെയ്തതിന് 6,64,300 രൂപ പിഴ ചുമത്തി.

 

Latest