പ്രവാചക നിന്ദ: ഡി വൈ എഫ് ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: October 30, 2014 12:17 am | Last updated: October 30, 2014 at 12:17 am
SHARE

DYFI-flag.svgകണ്ണൂര്‍: ഇരിട്ടി പെരിങ്കേരിയില്‍ സി പി എം പൊതുയോഗത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ കുറിച്ച് മോശമായി പ്രസംഗിച്ച ഡി വൈ എഫ് ഐ നേതാവിനെ സി പി എം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി നയത്തിന് വിരുദ്ധമായി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സി പി എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം എം അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി സി പി എം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രസംഗത്തില്‍ പ്രവാചകനെ കുറിച്ച് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഇത് മതത്തോടും വിശ്വാസത്തോടുമുള്ള സി പി എം നിലപാടിന് നിരക്കുന്നതല്ല. മതത്തോടും വിശ്വാസത്തോടും ശത്രുതാപരമായ നിലപാട് പാര്‍ട്ടിക്കില്ല. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒരു പരാമര്‍ശവും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകാന്‍ പാടുള്ളതല്ല. ഈ പ്രസംഗത്തിന്റെ പേരില്‍ സി പി എം വിരുദ്ധ പ്രചാരണം നടത്തുന്ന വര്‍ഗീയ ശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും അത്തരം അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും സി പി എം ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. അനില്‍ കുമാറിനെ ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും സാധ്യതയുണ്ട്.