Connect with us

National

മഹാരാഷ്ട്ര: ശിവസേനാ നേതാക്കള്‍ യോഗം ചേര്‍ന്നു

Published

|

Last Updated

മുംബൈ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസിനെ ബി ജെ പി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് യോഗം. അതേസമയം, ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ശിവസേനയുണ്ടാകുമോയെന്ന കാര്യത്തില്‍ സൂചനകള്‍ പോലുമില്ല.
സേനയുമായി ഇപ്പോള്‍ യാതൊരു ചര്‍ച്ചകളില്ലെന്നും നാളെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ശേഷമേ ഇത്തരം ചര്‍ച്ചകള്‍ നടത്തൂവെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച നടക്കുന്നതെന്നും ഉദ്ധവ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സേനാ വക്താവ് നീലം ഗോറെ പറഞ്ഞു. മാതോശ്രീയില്‍ വെച്ചാണ് യോഗം നടന്നത്. സുഭാഷ് ദേശായ്, അനില്‍ ദേശായ്, വിനായക് റൗത് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നേരത്തെ ഡല്‍ഹിയില്‍ ചെന്ന് ബി ജെ പിയുമായി പിന്നാമ്പുറ ചര്‍ച്ചകള്‍ നടത്തിയത് സുഭാഷ് ദേശായിയും അനില്‍ ദേശായിയുമായിരുന്നു.
സേനയുമായി എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് സത്യപ്രതിജ്ഞക്ക് ശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ബി ജെ പിയുടെ ദേശീയ നേതാവ് പറഞ്ഞത്. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച, പുനരൈക്യത്തിലേക്ക് ഇരു പാര്‍ട്ടികളും എത്തുമെന്ന സൂചനയുണ്ടായിരുന്നു. ബി ജെ പിയുടെയും ശിവസേനയുടെയും രക്തഗ്രൂപ്പ് ഒന്നാണെന്നായിരുന്നു സേനാ വക്താവ് സഞ്ജയ് റൗത്തിന്റെ പ്രതികരണം. ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും ആവശ്യപ്പെടുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളെ അദ്ദേഹം ശക്തമായി നിഷേധിച്ചിരുന്നു. യാതൊരു നിബന്ധനകളും കൂടാതെ സേന സര്‍ക്കാറില്‍ ചേര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് ബി ജെ പി നേതൃത്വം.

Latest