Connect with us

National

ശാരദാ ചിട്ടിത്തട്ടിപ്പ്: 60 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇവയില്‍ സ്‌കൂള്‍, സിമന്റ് ഫാക്ടറി, റിസോര്‍ട്ടുകള്‍ എന്നിവ പെടും. പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഏഴാമത്തെ കണ്ടുകെട്ടലിലാണ് ലിങ്കണ്‍ ഹൈസ്‌കൂള്‍, ലാന്‍ഡ്മാര്‍ക് സിമന്റ് ഫാക്ടറി, ഫഌറ്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെട്ടത്. അധ്യയനം നടക്കുന്ന സ്‌കൂളാണിത്.
ഇവയുടെ ഔദ്യോഗിക മൂല്യമാണ് 60 കോടിയെന്നും സ്ഥാവര സ്വത്തുക്കളുടെ മൂല്യം കൂടി കണക്കാക്കുമ്പോള്‍ നാല് മടങ്ങ് കൂടുതല്‍ വരുമെന്നും കൊല്‍ക്കത്തയിലെ ഇ ഡി ഓഫീസ് അറിയിച്ചു. ലതാഗുരിയിലെ റിസോര്‍ട്ട്, സിലിഗുരിയിലെ ഫഌറ്റുകള്‍, മാള്‍ഡയിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലുമുള്ള ഹെക്ടര്‍ കണക്കിന് ഭൂമി, ഈസ്റ്റ് ബംഗാള്‍, യുനൈറ്റഡ് മോഹന്‍ ബഗാന്‍ ക്ലബുകളുടെ അക്കൗണ്ടുകള്‍ എന്നിവയും കണ്ടുകെട്ടിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്ത സെന്നുമായും അനുയായികളുമായും നേരിട്ടോ അല്ലാതെയോ ബന്ധമുള്ള നിരവധി റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍, ഒഡീഷയിലെ കട്ടക്കിലെ ഫഌറ്റ് എന്നിവയും കണ്ടുകെട്ടി.
ഈ സ്വത്തുക്കള്‍ ബിനാമി പേരുകളിലായിരുന്നെന്നും വിവിധ സാമ്പത്തിക ഇടപാടുകളിലൂടെയാണ് സെന്നും കൂട്ടരും അവ നേടിയെടുത്തതെന്നും അതിനാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയിക്കുന്നതായും ഇ ഡി വൃത്തങ്ങള്‍ പറയുന്നു. പശ്ചിമ ബംഗാള്‍, അസം, ഒഡീഷ എന്നിവിടങ്ങളിലെ നിരവധി നിക്ഷേപകരെ കബളിപ്പിച്ച ചിട്ടിക്കമ്പനിയുടെ 400 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം, ഈസ്റ്റേണ്‍ സോണ്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയെന്നും ശാരദാ കേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തെ ശ്ലാഘിച്ചുവെന്നും ഏജന്‍സി അറിയിച്ചു.