Connect with us

National

സി എ ജി റിപ്പോര്‍ട്ട് തലക്കെട്ട് നേടാനാകരുത്: ധനമന്ത്രി

Published

|

Last Updated

ന്യുഡല്‍ഹി: ഓഡിറ്റ് റിപ്പോര്‍ട്ടുകളിലൂടെ വാര്‍ത്താ തലക്കെട്ട് നേടാനോ, വികാരവിക്ഷോഭം സൃഷ്ടിക്കാനോ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ശ്രമിക്കരുതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മുന്‍ യു പി എ ഭരണകാലത്ത് 2 ജി സ്‌പെക്ട്രം ഇടപാട്, കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമംവിട്ട നടപടികള്‍ എന്നിവ സംബന്ധിച്ച സി എ ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളായിരുന്നു മാധ്യമങ്ങളിലെ ബഹുഭൂരിപക്ഷം വാര്‍ത്തകളെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
മികച്ച ഭരണത്തിലൂടെ 8-9 ശതമാനം വളര്‍ച്ചാനിരക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, പലിശ നിരക്ക് കുറക്കേണ്ടതിന്റെ ആവശ്യകത മന്ത്രി വ്യക്തമാക്കിയിരുന്നു. പലിശനിരക്ക് കുറച്ചാല്‍ ഭവന നിര്‍മാണം ത്വരിതഗതി കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യം പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. ബേങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നിട്ടും പണപ്പെരുപ്പം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായി ആര്‍ ബി ഐയും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നികുതി പിരിവ് ത്വരിതപ്പെടുത്താനും പദ്ധതിലക്ഷ്യങ്ങള്‍ കൈവരിക്കാനും വിശദമായ പരിപാടികള്‍ തയ്യാറാക്കാന്‍ വ്യാഴാഴ്ച ആദായ നികുതി കമ്മീഷണര്‍മാരുടെ യോഗം മന്ത്രി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Latest