Connect with us

Kerala

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം: ശാസ്ത്രജ്ഞരുടെ ആഗോള സംഗമം തിരുവനന്തപുരത്ത്

Published

|

Last Updated

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ സാധ്യതകളുപയോഗിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ശാസ്ത്രജ്ഞരുടെയും നയരൂപകര്‍ത്താക്കളുടെയും ആഗോള സംഗമം തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ആസ്‌ട്രോനോട്ടിക്‌സ് (ഐ എ എ), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് ലോ (ഐ ഐ എസ് എല്‍) എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി 26 മുതല്‍ 28 വരെ കോവളത്തു നടക്കുന്ന രാജ്യാന്തര സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ എ എ മെക്‌സിക്കോയില്‍ സംഘടിപ്പിക്കുന്ന ബഹിരാകാശ ഏജന്‍സികളുടെ തലവന്മാരുടെ അടുത്ത ഉച്ചകോടിയുടെ ആമുഖമായാണ് ഇത് സംഘടിപ്പിക്കുന്നത്. 200 വിദേശ പ്രതിനിധികളുള്‍പ്പെടെ അഞ്ഞൂറിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. നാസയുള്‍പെടെയുള്ള വിദേശ ബഹിരാകാശ ഏജന്‍സികളിലെ പ്രമുഖരടക്കം 250 ഓളം വിദഗ്ധര്‍ സംഗമത്തിനെത്തും. പ്രകൃതി പ്രതിഭാസങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ബഹിരാകാശാധിഷ്ഠിത സംവിധാനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വിവിധ ബഹിരാകാശ ഭൗമ മാതൃകകളില്‍ നിന്നുമുള്ള വിവരശേഖരണം, വിതരണം ഏകീകരണം എന്നിവ ഇതില്‍ ചര്‍ച്ച ചെയ്യുമെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി എന്‍ രാജശേഖരന്‍പിള്ളയും ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Latest