Connect with us

Kerala

റോഡപകടങ്ങള്‍ കുറക്കുന്നതിന് റോ- റോ സംവിധാനം വേണം: ജസ്റ്റിസ് ചന്ദ്രശേഖര ദാസ് കമ്മീഷന്‍

Published

|

Last Updated

കൊച്ചി: കേളത്തിലെ റോഡപകടങ്ങള്‍ കുറക്കുന്നതിന് റോ-റോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വാഹനാപകടങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രശേഖര ദാസ് കമ്മീഷന്‍ നിര്‍ദേശം. റോഡുകള്‍ക്ക് വേണ്ടത്ര സൗകര്യമില്ലാത്തതും വാഹനങ്ങളുടെ ബാഹുല്ല്യവുമാണ് സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഇതിന് “റോഡ് ഓണ്‍-റോള്‍ ഒഫ്” (റോ- റോ) സംവിധാനം നടപ്പാക്കിയാല്‍ കേരളത്തിലെ റോഡുകളിലൂടെ ഓടുന്ന മൂവായിരത്തോളം വരുന്ന ചരക്ക് ലോറികളുടെ എണ്ണത്തില്‍ ഘണ്യമായി കുറക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് കമ്മീഷന്‍. കൊങ്കണ്‍ റെയില്‍വേയില്‍ ബോംബെ മുതല്‍ മംഗലാപുരത്തിനടുത്ത സൂരത്കല്‍ വരെ “റോ-റോ” സര്‍വീസ് നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലൂടെ പോകുന്ന റെയില്‍വെ ലൈനില്‍ ഈ സംവിധാനം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ദേശീയ പാതകളില്‍ നിന്ന് 30- 35% വാഹനങ്ങള്‍ ഒഴിവാക്കാനാകും. ഇതു സംബന്ധിച്ച് കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണ ചുമതല വഹിച്ച ഡെല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ഇ ശ്രീധരനുമായി ചര്‍ച്ച നടത്തുകയും അദ്ദേഹം ഈ അഭിപ്രായത്തെ അങ്ങേയറ്റം പിന്തുണക്കുകയും ചെയ്തതായി ജസ്റ്റിസ് ചന്ദ്രശേഖര ദാസ് പറഞ്ഞു. എന്നാല്‍ കൊങ്കണ്‍ റെയില്‍വെയും സതേണ്‍ റെയില്‍വെയും ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതുണ്ട്. കൂടാതെ ഇതു സംബന്ധിച്ച ഡിമാന്റ് സര്‍വെ നടത്തി അവര്‍ക്കും റെയില്‍വെ വകുപ്പിനും ലാഭകരമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു പദ്ധതിയാണിതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

Latest