Connect with us

National

സര്‍ക്കാര്‍ രൂപവത്കരണം: ഡല്‍ഹിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ നജീബ് ജംഗ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നു. സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി കേന്ദ്രത്തെയും ലഫ്റ്റനന്‍ഡ് ഗവര്‍ണറെയും കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കുന്നത്. വിദേശത്ത് നിന്ന് ഇന്നലെ തിരിച്ചെത്തിയ നജീബ് ജംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ നീക്കത്തെ രാജ്‌നാഥ് സിംഗ് സ്വാഗതം ചെയ്തു. പുതിയ സര്‍ക്കാറിനെ കൊണ്ടുവരാനുള്ള നീക്കം നടത്തണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതെന്ന് ലഫ്‌റനന്‍ഡ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്നാണ് സൂചന. ബി ജെ പിയെ ക്ഷണിക്കുന്നതിനുള്ള ഗവര്‍ണറുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രത്തെയും ലഫ്റ്റനന്‍ഡ് ഗവര്‍ണറെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും.
അതേസമയം തിരഞ്ഞെടുപ്പ് നേരിടുകയോ സര്‍ക്കാര്‍ രൂപവത്കരിക്കുകയോ ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഡല്‍ഹിയിലെ ബി ജെ പി നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് പാര്‍ട്ടി സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാറുണ്ടാക്കുന്നതില്‍ നിന്ന് ബി ജെ പി ഒളിച്ചു കളിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആരോപിച്ചു.

---- facebook comment plugin here -----

Latest