Connect with us

Editorial

പേര് വെളിപ്പെടുത്താന്‍ എന്താണ് പേടി?

Published

|

Last Updated

ഒടുവില്‍ 627 കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരിക്കയാണ്. മുദ്രെവച്ച കവറില്‍ അവരുടെ പേരുകള്‍, അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് പട്ടികകളാണ് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹതാഗി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനു സമര്‍പ്പിച്ചത്. നികുതി വെട്ടിച്ചു വിദേശ ബേങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകള്‍ അറിയിക്കാന്‍ കോടതി പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. കോടതി അന്ത്യശാസനം നല്‍കിയപ്പോള്‍ മൂന്ന് വ്യവസായ പ്രമുഖരുടെ പേരുകള്‍ പുറത്തുവിട്ട ശേഷം, അവശേഷിക്കുന്നവരുടേത് കള്ളപ്പണമാണോ എന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഇത് ഒഴിഞ്ഞുമാറ്റമാണെന്ന് ബോധ്യപ്പെട്ട കോടതി, സര്‍ക്കാര്‍ അവരുടെ പേരുകള്‍ അറിയിച്ചുതന്നാല്‍ മാത്രം മതിയെന്നും ബാക്കി അന്വേഷണങ്ങളെല്ലാം തങ്ങള്‍ നിര്‍വഹിച്ചു കൊളളാമെന്നും കോടതി അറിയിച്ചപ്പോഴാണ് ബാക്കി പേരുകള്‍ കൂടി അറിയിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. കള്ളപ്പണ സംബന്ധമായ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേരുകള്‍ പരസ്യപ്പെടുത്തരുതെന്ന് അഭ്യര്‍ഥനയോടെയാണ് അറ്റോര്‍ണി ജനറല്‍ പട്ടിക സമര്‍പ്പിച്ചത്.

സമീപ കാലത്ത് ജൂഡീഷ്യറിയില്‍ നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൊന്നാണ് കള്ളപ്പണക്കാരുടെ കാര്യത്തിലുണ്ടായത്. വിദേശ ബേങ്കുകളില്‍ പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും ആ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്നും അടിക്കടി പ്രഖ്യാപിക്കുകയല്ലാതെ ഒരു സര്‍ക്കാറും ഇക്കാര്യത്തില്‍ ഫലവത്തായ നീക്കം നടത്താറില്ല. ഇന്ത്യന്‍ സമ്പന്നര്‍ക്ക് വിദേശ ബേങ്കുകളില്‍ 50,000 കോടിയോളം ഡോളര്‍ (30 ലക്ഷം കോടിയിലേറെ രൂപ) രഹസ്യ നിക്ഷേപമുണ്ടെന്നാണ് മുന്‍ സി ബി ഐ മേധാവിയുടെ വെളിപ്പെടുത്തല്‍. 72 ലക്ഷം കോടി വരുമെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഇത് തന്നെ കൃത്യമായ കണക്കല്ലെന്നും യഥാര്‍ഥ നിക്ഷേപം ഇതിനേക്കാളെല്ലാം കൂടുതല്‍ വരുമെന്നുമാണ് യു പി എ ഭരണത്തില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നത്.
രാജ്യത്തെ ആദായ നികുതിയില്‍ നിന്ന് രക്ഷപ്പെടാനാണ് നാമമാത്ര നികുതി ഈടാക്കുന്ന വിദേശ ബേങ്കുകളില്‍ സമ്പന്നര്‍ പണം നിക്ഷേപിക്കുന്നത്. സാധാരണക്കാരും ഇടത്തരക്കാരും പല നികുതികളും ഒടുക്കി രാജ്യത്തോടും ഭരണകൂടത്തോടുമുള്ള ബാധ്യത നിറവേറ്റുമ്പോള്‍, വന്‍കിട മുതലാളിമാരും കോര്‍പറേറ്റുകളും പണം പുറത്ത് നിക്ഷേപിച്ചു നികുതി വെട്ടിപ്പ് നടത്തി രാജ്യത്തെയും സര്‍ക്കാറിനെയും വഞ്ചിക്കുകയാണ്. കള്ളപ്പണം 30 ലക്ഷം കോടിയെന്ന ഔദ്യോഗിക കണക്കനുസരിച്ചു തന്നെ, ഒമ്പത് ലക്ഷം കോടി രൂപയുടെ നികുതിയാണ് രാജ്യത്തിന് നഷ്ടമാകുന്നത്. ഇത് തിരിച്ചെത്തിക്കാനായാല്‍ പൊതുഖജനാവിന് വന്‍ മുതല്‍ കൂട്ടാവുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് വില്‍ക്കുന്നതുള്‍പ്പെടെ, നിലനില്‍പിനായി മോന്തായം വില്‍ക്കുന്ന നടപടികള്‍ സര്‍ക്കാറിന് ഒഴിവാക്കാനാകുകയും ചെയ്യും. അതിനുള്ള ആര്‍ജവം കാണിക്കാതെ സാധാരണക്കാരന്റെ മേല്‍ തുടരെത്തുടരെ നികുതി ഭാരം അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കള്ളപ്പണക്കാരില്‍ ബിസിനസ്സുകാരും കോര്‍പറേറ്റുകളും മാത്രമല്ല ഒട്ടേറെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമുണ്ടെന്നാണറിയുന്നത്. പേരുകള്‍ വെളിപ്പെടുത്തിയാല്‍ കോണ്‍ഗ്രസിനാണ് നാണക്കേടെന്ന് ബി ജെ പിയും ബി ജെ പിക്കാണെന്ന് കോണ്‍ഗ്രസും പരസ്പരം പഴിചാരുന്നതിന്റെ കാരണമിതാണ്. എല്ലാ കക്ഷികളിലുമുണ്ട് കള്ളപ്പണക്കാരും വെട്ടിപ്പുകാരും തട്ടിപ്പുകാരും. രാഷ്ട്രീയക്കാരുടെ മുഖ്യ വരുമാന സ്രോതസ്സ് തന്നെ കള്ളപ്പണക്കാരാണല്ലോ. ഈ സാഹചര്യത്തില്‍ കോടതി ഇടപ്പെട്ടിരുന്നില്ലെങ്കില്‍ ഇവരെക്കുറിച്ച അന്വേഷണം ഒരിക്കലും ലക്ഷ്യം കാണുമായിരുന്നില്ല. സര്‍ക്കാരാണ് അന്വേഷിക്കുന്നതെങ്കില്‍ ഈ ജന്മം അത് പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയില്ലെന്ന് കോടതി തന്നെ തുറന്നടിച്ചതാണ്.
ജനങ്ങളില്‍ പകുതിയോളം മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി ദുരിതജീവിതം നയിക്കവെ, നികുതി വെട്ടിപ്പ് നടത്തി രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ക്ഷതമേല്‍പിക്കുന്ന വന്‍കിടക്കാരുടെ ചെയ്തി രാജ്യദ്രോഹമാണ്. ഇവര്‍ക്കതിരെ നിയമ നടപടി സ്വീകരിക്കുന്നതില്‍ ഭരണകൂടം കുറ്റകരമായ അനാസ്ഥ കാണിക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ ജൂഡീഷ്യറിയെയാണ് ഉറ്റുനോക്കുക. കള്ളപ്പണത്തിനെതിരായ നീക്കത്തില്‍ ഭരണകൂടത്തിന്റെ തെറ്റ് തിരുത്താന്‍ ജൂഡീഷ്യറി നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Latest