Connect with us

Business

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ വ്യാപാരി വ്യവസായി സംഘടനകള്‍ സഹകരിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ 8ാം സീസണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ 19 സംഘടനകളുടെ കൂട്ടായ്മയായ വ്യാപാരി വ്യവസായി കോണ്‍ഫഡറേഷനുമായി ധാരണയായി. കേരളത്തിലെ ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്യാപാരവ്യവസായ കോണ്‍ഫഡറേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി എ പി അനില്‍ കുമാറിനും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് അവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അശാസ്ത്രീയമായ നികുതി പരിഷ്‌ക്കരണങ്ങളും മാനദണ്ഡം പാലിക്കാതെ നടത്തുന്ന പരിശോധനകളും ഒഴിവാക്കണമെന്നും വാണിജ്യനികുതി വകുപ്പില്‍ അടിയന്തിരമായി ഓംബുട്‌സ്മാന്‍ രൂപവത്കരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സ്ഥാപനവല്‍ക്കരിച്ച് ശക്തിപ്പെടുത്തണമെന്നും വ്യാപാരമേഖലയില്‍ സര്‍ക്കാറുമായി ബന്ധിപ്പിക്കുന്ന സ്ഥാപനമായി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ മാറ്റണം. വ്യാപാരസംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും ടൂറിസം വകുപ്പു മന്ത്രിയും ഉറപ്പ് നല്‍കി.
കേരള സംസ്ഥാന വ്യാപാരവ്യവസായ സമിതി, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി ഫെഡറേഷന്‍, കേരള ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസ്സോസിയേഷന്‍ അടക്കം 19 സംഘടനകളാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ എം മുഹമ്മദ് അനില്‍, വി വിജയന്‍, ബിന്നി ഇമ്മട്ടി, ഇ എസ് ബിജു, കമാല്‍ എം മാക്കിയില്‍, കെ ഹസ്സന്‍ കോയ, വി സുനില്‍ കുമാര്‍, എം നസീര്‍, പി വി ഹംസ, മാത്യു കുരുവിത്തടം, വി പാപ്പച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യാപാര സംഘടനകളെ സഹകരിപ്പിച്ച് സീസണ്‍ 8 ഭംഗിയായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് എ പി അനില്‍ കുമാര്‍ പറഞ്ഞു.

 

Latest