Connect with us

Gulf

ദുബൈ ക്രീക്ക് ഹാര്‍ബര്‍ പ്രൊജക്ടുമായി ഇമാര്‍

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട ഗോപുര കെട്ടിടം നിര്‍മിക്കാന്‍ ഇമാര്‍ ഒരുങ്ങുന്നു. ദുബൈ ക്രീക്ക് ഹാര്‍ബര്‍ പ്രൊജക്ട് എന്ന പേരിലാണ് ദുബൈ ഹോള്‍ഡിംഗുമായി കൈകോര്‍ത്ത് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഇരട്ട ഗോപുരത്തോടൊപ്പം താമസ കേന്ദ്രങ്ങളും വാണിജ്യത്തിനായി സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയാണ് വിവിധ ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തീകരിക്കുക. ആദ്യഘട്ടം ദുബൈ ക്രീക്ക് റെസിഡന്‍സ് എന്ന പേരിലാണ് പണിയുക. ഇതിന് ആറു ഗോപുരങ്ങളുണ്ടായിരിക്കും. ഇതില്‍ രണ്ടു ഗോപുരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അപാര്‍ട്ട്‌മെന്റുകളുടെ ലേലം അടുത്ത ശനിയാഴ്ച നടക്കും. ആദ്യഘട്ട നിര്‍മാണത്തില്‍ മൂന്നു ഹോട്ടലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുബൈ ക്രീക്കിന് സമീപത്ത് പണിയുന്ന കെട്ടിട സമുച്ഛയത്തോടനുബന്ധിച്ച് ക്രീക്കിന്റെ സമ്പൂര്‍ണ ചരിത്രം രേഖപ്പെടുത്താനും ഇമാറിന് പദ്ധതിയുണ്ടെന്ന് ചെയര്‍മാന്‍ മുഹമ്മദ് അബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മഹനീയമായ പ്രദേശങ്ങളില്‍ ഒന്നാണ് ദുബൈ ക്രീക്ക്. ഈ പ്രദേശം വ്യത്യസ്തവും ലോക പ്രശസ്തവുമായ ഒരു കെട്ടിട സമുച്ഛയം അര്‍ഹിക്കുന്നുണ്ട്. എത്ര കോടിയാണ് പദ്ധതിക്കായി വേണ്ടി വരികയെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും ദുബൈ കണ്ട ഏറ്റവും വലിയ നിര്‍മാണ പദ്ധതികളില്‍ ഒന്നായി ഇതു മാറുമെന്നാണ് കരുതുന്നത്. ഡൗണ്‍ ടൗണിന്റെ മൂന്നിരട്ടി വലിപ്പത്തിലാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇമാര്‍ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയില്‍ 39,000 താമസ കേന്ദ്രങ്ങളും 22 ഹോട്ടലും ഉള്‍പ്പെടും. നിലവില്‍ ഇമാറിന് കീഴില്‍ ദുബൈലാന്‍ഡ്, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്നിവയുടെ നിര്‍മാണം നടന്നു വരികയാണ്.
പുതുതായി അതിലേക്ക് ഒരു പദ്ധതികൂടി ദുബൈ ക്രീക്ക് ഹാര്‍ബറോടെ കൂട്ടിച്ചര്‍ക്കപ്പെടുകയാണെന്നും അല്‍ അബ്ബാര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest