Connect with us

Kerala

നാസയുടെ ക്ഷണം ലഭിച്ചിട്ടും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറായില്ലെന്ന അരുണിന്റെ കഥ പച്ചക്കള്ളം

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ നാസയില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചെന്ന അരുണിന്റെ വാദം പൊളിഞ്ഞതോടെ കുറ്റസമ്മതം നടത്തിയ അരുണിന് പിന്നാലെ അമ്മയും രംഗത്തെത്തി. താന്‍ പറഞ്ഞതെല്ലാം നുണയാണെന്ന് അരുണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും മകന്‍ പറഞ്ഞത് കളവാണെന്ന് പറഞ്ഞത്.
അരുണിനെ ആരോ കബളിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഭ്രാന്തിയില്‍ പറഞ്ഞത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതാണെന്ന് അമ്മ പത്മ കുമാരി പറഞ്ഞു. അരുണ്‍ അമേരിക്കയിലേക്ക് പോയിട്ടില്ലെന്നും നേപ്പാളിലും ഭൂട്ടാനിലും മാത്രമാണ് പോയതെന്നും അമ്മ പറഞ്ഞു.
നാസയില്‍ 35 ലക്ഷം രൂപ ശമ്പളത്തില്‍ ലഭിച്ച ജോലി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ടിവരുമെന്ന കാരണത്താലാണ് ഒഴിവാക്കിയതെന്നാണ് അരുണ്‍ പറഞ്ഞത്. നാസയില്‍ ജോലി ലഭിക്കണമെങ്കില്‍ അമേരിക്കന്‍ പൗരത്വം എടുക്കണം. ഇതിനെത്തുടര്‍ന്ന് ചില മാധ്യമങ്ങള്‍ അരുണിന്റെ രാജ്യസ്‌നേഹത്തെക്കുറിച്ച് എഴുതി. നാട്ടില്‍ വിവിധ സ്വീകരണങ്ങളും അരുണിന് ലഭിച്ചു. അരുണിന്റെ രാജ്യസ്‌നേഹത്തില്‍ മതിപ്പുതോന്നി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചതായും വാര്‍ത്ത പരന്നു.
സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത കണ്ടവരാണ് അരുണിന്റെ അവകാശ വാദങ്ങളെ തകര്‍ത്തത്. അരുണ്‍ പറയുന്ന യോഗ്യതകള്‍ ലഭിക്കണമെങ്കില്‍ 30 വയസ്സെങ്കിലും കഴിയണം. എന്നാല്‍ 27 വയസ്സ് മാത്രമാണ് ഇയാള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ അരുണിന്റെ യോഗ്യതകളെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നു. ഇതോടെയാണ് അരുണ്‍ താന്‍ പറഞ്ഞത് കളവാണെന്ന വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ അരുണിനെ പുകഴ്ത്തി വാര്‍ത്ത നല്‍കിയവരും സ്വീകരണം നല്‍കിയവരും വെട്ടിലായി.

Latest