Connect with us

Kozhikode

ചെങ്കല്‍ഗുഹയിലെ പുരാവസ്തുക്കള്‍ കാണാന്‍ ആള്‍കൂട്ടം

Published

|

Last Updated

കോഴിക്കോട്: കക്കോടി ചിരട്ടാട്ടുമലയുടെ താഴ്‌വാരത്ത് നിന്ന് കണ്ടെത്തിയ ചെങ്കല്‍ഗുഹയില്‍ നിന്ന് പുറത്തെടുത്ത പുരാവസ്തുക്കള്‍ കാണാന്‍ വന്‍ തിരക്ക്.
ഇന്നലെ വൈകുന്നേരമാണ് കക്കോടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ്കണക്കിന് പേരാണ് ചരിത്ര ശേഷിപ്പുകള്‍ കാണാനായി കക്കോടിയില്‍ എത്തിയത്. ഗുഹയില്‍ നിന്ന് പുറത്തെടുത്ത മണ്‍പാത്രങ്ങള്‍, കല്‍മുത്തുകള്‍, എല്ലിന്‍ കഷ്ണങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്. അമൂല്യങ്ങളെന്ന് വിലയിരുത്താവുന്ന യച്ച്ഡ് കാര്‍ണീലിയന്‍ ഇനത്തില്‍പ്പെട്ട 120 കല്‍മുത്തുകള്‍, കാലുകളോടു കൂടിയ മണ്‍പാത്രങ്ങള്‍, എല്ലിന്‍ കഷ്ണങ്ങള്‍, കല്ലില്‍ തീര്‍ത്ത നീണ്ട ഇരിപ്പിടം തുടങ്ങിയവ ഏറെ ആകാംശയോടെയാണ് ജനം നോക്കിക്കണ്ടത്.
ഗുഹയുടെ പ്രാഥമികഘട്ട പ്രമാണീകരണം പൂര്‍ത്തിയായതോടെയാണ് വസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയത്. ഗുഹയില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ വൈകാതെ മ്യൂസിയത്തിലേക്കു മാറ്റുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വസ്തുക്കളുടെ കാലപ്പഴക്കം ശാസ്ത്രീയമായി നിര്‍ണയിക്കും. ഗുഹ സംരക്ഷിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തുടര്‍പഠനങ്ങള്‍ നടത്തുന്നതിനും നടപടികളുണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.
മഹാശിലായുഗ സംസ്‌കാരവുമായി ബന്ധപ്പെട്ട ചെങ്കല്‍ ഗുഹയാണ് ഇക്കഴിഞ്ഞ ഒമ്പതിന് അംശകച്ചേരി റോഡിന് സമീപം മേക്കപ്പറമ്പത്ത് കുന്നത്ത് കൃഷ്ണ പ്രസാദിന്റെ പുരയിടത്തില്‍ കണ്ടെത്തിയത്. വീടിന് പിന്‍വശത്തുള്ള സ്ഥലത്തെ കാടുവെട്ടിത്തെളിക്കുന്നതിനിടെ മതിലിലെ ദ്വാരം ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ഗുഹ കണ്ടെത്തുകയുമായിരുന്നു. പുത്തേരി പറമ്പത്ത് രാരിച്ചക്കുട്ടിയുടെ പറമ്പില്‍ ഇതിന്റെ തുടര്‍ച്ചയായി രണ്ട് ഗുഹകള്‍ കൂടി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.