Connect with us

Kozhikode

കണ്ണടച്ചു, അബൂട്ടിക്കക്കൊപ്പം ആ കണ്ണടകളും

Published

|

Last Updated

കൊയിലാണ്ടി: ഇനി അബൂട്ടിക്ക ഇല്ല; ദേശീയ പാതയോരത്തെ ആ കണ്ണട വ്യാപാരവും. കൊല്ലം നൂര്‍മഹലില്‍ പി സി അബ്ദുല്ലക്കുട്ടി എന്ന അബൂട്ടിക്ക മരിച്ചതോടെ ആറര പതിറ്റാണ്ട് പിന്നിട്ട വഴിയോര കണ്ണട വ്യാപാരവും ഓര്‍മയായി.
പതിനെട്ടാം വയസ്സിലാണ് അബൂട്ടിക്ക വഴിയോരത്തെ കണ്ണട വില്‍പ്പന തുടങ്ങിയത്. കൊയിലാണ്ടി കോടതിക്ക് മുന്നിലെ നടപ്പാതയില്‍ എന്നും രാവിലെ ഖദര്‍ വസ്ത്രവും ഗാന്ധിത്തൊപ്പിയും ധരിച്ച് പെട്ടി നിറയെ കണ്ണടയുമായി അബൂട്ടിക്ക എത്തും. പഴയ മദ്രാസ് പട്ടണത്തില്‍ കണ്ണടക്കടയില്‍ ജോലിക്കാരനായിരുന്നു അബൂട്ടിക്ക. ഈ സ്ഥാപനം മുതലാളി വിറ്റപ്പോള്‍ ഒരു പെട്ടി നിറയെ കണ്ണടയും റിപ്പയറിംഗ് സാമഗ്രികളും അബൂട്ടിക്കക്ക് സമ്മാനിച്ചു. അതുമായാണ് അബൂട്ടിക്ക കൊയിലാണ്ടിയിലെ പാതയോരത്തേക്കിറങ്ങിയത്. 87ാം വയസ്സില്‍ അബൂട്ടിക്കയോടൊപ്പം ആ കണ്ണട വ്യാപാരവും ഓര്‍മകളിലേക്ക് പിന്‍വാങ്ങുകയാണ്.
മയ്യിത്ത് കൊല്ലം പാറപ്പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മഖാം പള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പള്ളിക്കമ്മിറ്റി പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചു. മുഹമ്മദ് ബഷീര്‍ സഅദി നേതൃത്വം നല്‍കി.