Connect with us

Malappuram

യോഗം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമം; ആര്‍ ടി ഒ യോഗം ബസ് ഉടമകള്‍ ബഹിഷ്‌കരിച്ചു

Published

|

Last Updated

മലപ്പുറം: സ്വകാര്യബസുകളുടെ സമയക്രമം നിശ്ചയിക്കുന്നതിന് ആര്‍ ടി ഒ വിളിച്ച് ചേര്‍ത്ത യോഗം ബസ് ഉടമകള്‍ ബഹിഷ്‌കരിച്ചു. ഇന്നലെ രാവിലെ മലപ്പുറം ഡി ടി പി സി ഹാളിലായിരുന്നു യോഗം വിളിച്ചിരുന്നത്. യോഗം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബസ് ഉടമകള്‍ ഇറങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ പതിനാലിന് കലക്ടറേറ്റില്‍ നടന്ന യോഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും യോഗം വിളിച്ചത്. ഇതനുസരിച്ച് നൂറ് കണക്കിന് ബസ് ഉടമകള്‍ യോഗത്തിനെത്തിയിരുന്നു. കഴിഞ്ഞ യോഗത്തില്‍ തീരുമാനാകാതിരുന്നതിനാല്‍ ഇത്തവണ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മനസിലാക്കി യോഗം ക്യാമറയില്‍ പകര്‍ത്താന്‍ ആര്‍ ടി ഒ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് എതിരാകുമെന്ന് മനസിലാക്കിയ ബസ് ഉടമകള്‍ ക്യാമറ അനുവദിക്കില്ലെന്ന് ശഠിക്കുകയും യോഗം നടത്താനാകാതെ ആര്‍ ടി ഒ ആദ്യം യോഗത്തില്‍ ഇറങ്ങിപ്പോവുകയുമായിരുന്നുവെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഒരു മിനിറ്റ് വ്യത്യാസത്തിലാണ് പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതെന്നും ഇതിനിടയില്‍ കെ എസ് ആര്‍ ടി സി കൂടി സര്‍വീസ് നടത്തുന്നതോടെ മത്സരയോട്ടം നടത്തേണ്ടി വരുമെന്നും ബസ് ഉടമകള്‍ പറയുന്നു. തിരൂര്‍-കാളികാവ് റൂട്ടില്‍ പുതിയ പെര്‍മിറ്റ് നല്‍കിയത് പണം വാങ്ങിയാണെന്നും ഉടമകള്‍ ആരോപിച്ചു. എന്നാല്‍ പെര്‍മിറ്റ് അപേക്ഷ ലഭിച്ചാല്‍ അതിന്‍മേല്‍ നടപടിയെടുത്ത് സമയക്രമം നല്‍കേണ്ടത് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും പെര്‍മിറ്റ് ലഭിച്ച് അഞ്ച് മാസമായിട്ടും സമയം അനുവദിക്കാത്തതിനാല്‍ സര്‍വീസ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആര്‍ ടി ഒ പറഞ്ഞു. രണ്ട് യോഗങ്ങളിലും തീരുമാനമാകാത്ത സാഹചര്യത്തില്‍ വിഷയം ജില്ലാകലക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ ടി ഒ അജിത്കുമാര്‍ പറഞ്ഞു. ആര്‍ ടി ഒയുടെ നടപടിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ബസ് ഉടമകളും അറിയിച്ചു.

---- facebook comment plugin here -----

Latest