Connect with us

Wayanad

മലയോര മേഖലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന തകൃതി

Published

|

Last Updated

എടക്കര: മലയോര മേഖലയില്‍ വിദ്യാര്‍ഥികളെ ലഹരി നുണയിപ്പിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നു. മേഖലയിലെ സ്‌കൂളുകള്‍, കോളജുകള്‍, ബസ്സ്റ്റാന്‍ഡ് എന്നിവക്ക് സമീപങ്ങളിലാണ് കഞ്ചാവും നിരോധിത പാന്‍മസാലകളും വില്‍പ്പന നടത്തുന്നത് തകൃതിയായിട്ടുണ്ട്.
2012ല്‍ കേരള സര്‍ക്കാര്‍ പാന്‍മസലാ നിരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വില്‍പ്പന രഹസ്യമായാണ് നടക്കുന്നത്. ടൗണുകളിലെ പെട്ടികടകളിലും മറ്റും സുലഭമാണ്. തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ വിലക്ക് എത്തിക്കുന്ന പാന്‍മസാലകള്‍ നാലിരിട്ട വിലക്കാണ് വില്‍പ്പന നടത്തുന്നത്. മേഖലയില്‍ എടക്കര, മുസ്‌ലിയാരങ്ങാടി, കലാസാഗര്‍, പാലതിങ്ങല്‍, മുണ്ട, വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ എന്നിവിടങ്ങളിലാണ് കൂടുതലായും ഒളിച്ചും മറച്ചും പാന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. എത്ര വിലകൊടുത്തും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്.
വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് കൂടുതലായും ലഹരി നുണയാന്‍ കച്ചവടക്കാരെ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം എടക്കര സ്‌കൂളിന് സമീപത്തുള്ള പെട്ടിക്കടയില്‍നിന്നും ലഹരി പദാര്‍ഥങ്ങള്‍ പിടികൂടിയിരുന്നു. പരിശോധനകള്‍ ഭയന്ന് കുറഞ്ഞ അളവില്‍ മാത്രമാണ് ഉത്പന്നങ്ങള്‍ ഇവര്‍ കടയില്‍ വെക്കുന്നത്.
കഴിയുന്നതിനനുസരിച്ച് എത്തിക്കുകയാണ് ചെയ്യുന്നത്. സ്ഥിരം കസ്റ്റമര്‍ക്കും പരിജയമുള്ളവര്‍ക്കുമാണ് സാധനം കൊടുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാടുകാണി ചുരം വഴി വഴിക്കടവിലെ ആനമറി ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ചാണ് ലഹരി അതിര്‍ത്തി കടക്കുന്നത്. ബസുകളിലും ബൈക്കുകളിലും പച്ചക്കറി വാഹനങ്ങളിലുമാണ് സാധനങ്ങള്‍ കടത്തുന്നത്. വഴിക്കടവില്‍ മദ്യകടത്ത് തടയാന്‍ പോലീസ് സ്ഥിരം ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് നോക്കുകുത്തിയായിരിക്കുകയാണ്.

 

Latest