Connect with us

Palakkad

സി പി ഐ വടക്കഞ്ചേരി ലോക്കല്‍ കമ്മിറ്റിയില്‍ കൊഴിഞ്ഞു പോക്ക് വ്യാപകം

Published

|

Last Updated

ആലത്തൂര്‍: സി പി ഐ വടക്കഞ്ചേരി ലോക്കല്‍ കമ്മിറ്റിയില്‍ കൊഴിഞ്ഞ് പോക്ക് വ്യാപകമായി. രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒഴിവായി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി വടക്കഞ്ചേരി ചന്തപ്പുരയില്‍ വെച്ച് നടന്ന ലോക്കല്‍ സമ്മേളനത്തിലാണ് രണ്ട് അംഗങ്ങള്‍ ഒഴിവായത്.
പാര്‍ട്ടി അംഗബലവും ബ്രാഞ്ചുകളും കുറഞ്ഞതിനെ തുടര്‍ന്നാണത്രെ രണ്ട് അംഗങ്ങളുടെ ഒഴിവാകല്‍. കഴിഞ്ഞ സമ്മേളനകാലങ്ങളില്‍ എട്ടോളം ബ്രാഞ്ചുകളും 125 ലേറെ പാര്‍ട്ടി അംഗങ്ങളും വടക്കഞ്ചേരി ലോക്കല്‍ കമ്മിറ്റി കീഴിലുണ്ടായിരുന്നു. എന്നാല്‍ ഈ സമ്മേളനം നടത്തുന്നതിന്റെ മുമ്പായി നടന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ അഞ്ചെണ്ണം മാത്രമേ നടന്നിട്ടുള്ളൂ. കാളാംങ്കുളം, പ്രാധാനി ബ്രാഞ്ചുകള്‍ ഇല്ലാതായി. 125 ഓളം അംഗങ്ങളില്‍ നിന്നും സമ്മേളനം നടക്കുന്നത് 70 ഓളം അംഗങ്ങളായാണ്. കഴിഞ്ഞ കാലങ്ങളായി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയിലും നയങ്ങളുടെയുംഭാഗമായി കൊഴിഞ്ഞ് പോയതാണ് ഇത്രയും അംഗങ്ങളെന്ന് പറയപ്പെടുന്നു. ലോക്കല്‍ കമ്മിറ്റി കീഴില്‍ അംഗങ്ങളുടെ കുറവ് മൂലം സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ലോക്കല്‍ കമ്മിറ്റിയായതിനാല്‍ നിര്‍ദേശപ്രകാരം 9 അംഗ കമ്മിറ്റിയില്‍ നിന്ന് മൂന്ന് പേര്‍ ഒഴിവായി ഒരു പുതിയ അംഗത്തെ എടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ മൂന്നംഗങ്ങള്‍ ഒഴിവായപ്പോള്‍ പകരം പുതിയ ഒരാളെ എടുക്കാന്‍ ആളില്ലാത്തതിനാല്‍ ഒരു നേതാവിനെ നിലനിര്‍ത്തിയാണ് ഏഴംഗ കമ്മിറ്റി രൂപം നല്‍കിയത്.
കെ എസ് ആര്‍ ടി സി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സി സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ സുരേഷ്, സി പി ഐ യുടെ നേതൃത്വത്തിലുള്ള വികലാംഗ സംഘടനയുടെ സംസ്ഥാന ഭാരവാഹി ജാക്‌സണ്‍ ലൂയിസ്, സി പി ഐ മുന്‍ തരൂര്‍ മണ്ഡലം സെക്രട്ടറി ഒ ഇ ജോസഫ് എന്നിവരാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്. എന്നാല്‍ പകരം പുതിയ ആളെ എടുക്കാനാളില്ലാത്ത പ്രതിസന്ധിയുള്ളതിനാല്‍ ഒ ഇ ജോസഫിനെ നിലനിര്‍ത്തുകയായിരുന്നുവത്രെ. എ ഐ ടി യു സി ചുമട്ട് തൊഴിലാളി യൂനിയന്‍ വാണിയമ്പാറ യൂനിറ്റ് പ്രസിഡന്റ്, വടക്കഞ്ചേരി യൂനിറ്റ് പ്രസിഡന്റ്, എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒ ഇ ജോസഫ് ഒഴിവായാല്‍ യൂനിയന് ക്ഷീണം വരുമെന്ന് നേതൃത്വം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ നിലനിര്‍ത്തിയതിനെന്ന് പറയുന്നു.
നിലവിലെ അഞ്ച് ബ്രാഞ്ചില്‍ നിന്നും ഒരാള്‍മാത്രമാണ് ലോക്കല്‍ കമ്മിറ്റിയില്‍ സെക്രട്ടറിമാരില്‍ പരിഗണിക്കപ്പെട്ടത്.
ചന്തപ്പുര ബ്രാഞ്ച് സെക്രട്ടറി സ്ഥാനം വരും ദിവസങ്ങളില്‍ ഒഴിയുമെന്നാണ് സൂചന. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ രണ്ട് ഗ്രൂപ്പുകളും ജില്ലാനേതൃത്വത്തിന്റെ അമിതമായ ഇടപെടലുകളും അടിച്ചേല്‍പ്പിക്കല്‍ നയങ്ങളിലും പ്രതിഷേധിച്ചാണ് കഴിഞ്ഞ കാലങ്ങളിലായി വലിയതോതില്‍ അംഗങ്ങള്‍ കൊഴിഞ്ഞ് പോകാനുള്ള സഹാചര്യമുണ്ടായതെന്ന് ഒരു പാര്‍ട്ടി അനുഭാവിപറയുന്നു. സമ്മേളനത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ലോക്കല്‍ കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു