Connect with us

Kozhikode

ഓവുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: റോഡില്‍ വെള്ളം തളംകെട്ടുന്നു

Published

|

Last Updated

നരിക്കുനി: ഓവുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം റോഡില്‍ വെള്ളം തളംകെട്ടുന്നു. പുല്ലാളൂര്‍ – പൈമ്പാലശേരി റോഡില്‍ പരപ്പില്‍പടിയില്‍ അഞ്ച് മാസം മുമ്പാണ് റോഡ് തകരുന്നത് ഒഴിവാക്കാന്‍ ഓവുചാല്‍ നിര്‍മിച്ചത്. വര്‍ഷങ്ങളായി മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് റോഡ് ഉയര്‍ത്തുകയും ഓവുചാല്‍ നിര്‍മിക്കുകയും ചെയ്തത്. മറ്റുഭാഗങ്ങളില്‍ നിന്ന് ഈ ജംഗ്ഷനില്‍ ഒലിച്ചെത്തുന്ന വെള്ളം ഓവുചാലിലൂടെ സമീപത്തെ തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിര്‍മാണത്തിനിടെ ചെരിവ് നിലനിര്‍ത്തുമ്പോള്‍ തോട്ടിലെ വെള്ളം ഓവുചാലിലേക്ക് തിരിച്ചുകയറുമെന്ന പരാതിയുയര്‍ന്നു. ഇതൊഴിവാക്കാനായി ജംഗ്ഷനടുത്ത് തന്നെ നേരത്തെയുണ്ടായിരുന്ന സിമന്റ് പൈപ്പ് കൊണ്ടുള്ള ചെറിയ കലുങ്ക് നിലനിര്‍ത്തി ഓവുചാല്‍ പണി പൂര്‍ത്തീകരിക്കുകയായിരുന്നു. സിമന്റ് പൈപ്പ് കൊണ്ട് മാത്രം നിര്‍മിച്ച 150 മീറ്ററോളം നീളമുള്ള കലുങ്കില്‍ ചെളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് ഒഴുക്ക് തടസപ്പെടുകയും വെള്ളം ഓവുചാലില്‍ തന്നെ കെട്ടി നില്‍ക്കുകയുമാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഓവുചാലില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി റോഡും വെള്ളത്തില്‍ മുങ്ങിയിരുന്നു.

 

Latest