Connect with us

Kozhikode

താമരശ്ശേരി കോ- ഓപറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിക്കെതിരെ പരാതി

Published

|

Last Updated

താമരശ്ശേരി: സി പി എം നിയന്ത്രണത്തിലുള്ള താമരശ്ശേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയില്‍ നിയമനത്തിനും കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളിലും ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി.
സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റിക്കെതിരെ സഹകരണ വകുപ്പിനും സി പി എം നേതൃത്വത്തിനും പരാതി നല്‍കിയത്. ചിലരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി സൊസൈറ്റിയെ ഉപയോഗപ്പെടുത്തുന്നതായാണ് പ്രധാന ആക്ഷേപം.
താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, പുതുപ്പാടി പഞ്ചയാത്തുകള്‍ അധികാര പരിധിയാക്കിയാണ് താമരശ്ശേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. രണ്ട് ഏരിയ കമ്മിറ്റിയുടെ പരിധിയിലായതിനാല്‍ ജില്ലാനേതൃത്വത്തിലുള്ളയാളാണ് സൊസൈറ്റിയുടെ പ്രസിഡന്റാകുക. നിലവില്‍ ജില്ലാ കമ്മിറ്റി അംഗം എ രാഘവന്‍ മാസ്റ്ററാണ് പ്രസിഡന്റ്. സൊസൈറ്റിയില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ ചട്ടലംഘനം നടന്നതായി കാണിച്ചാണ് സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സഹകരണ വിജിലന്‍സ് രജിസ്ട്രാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയിരിക്കുന്നത്.
പ്രാദേശികമായി പ്രചാരമുള്ള രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കണമെന്നാണ് നിയമം. എന്നാല്‍ താമരശ്ശേരിയിലും പരിസരത്തും ഒരുകോപ്പിപോലും ലഭ്യമല്ലാത്ത രണ്ട് പത്രങ്ങളിലാണ് പരസ്യം നല്‍കിയത്. വിവരം മണത്തറിഞ്ഞ് മുപ്പതോളം അപേക്ഷകളാണ് സൊസൈറ്റിയിലെത്തിയത്. അറ്റന്റര്‍ തസ്തികയിലേക്ക് താത്കാലികമായി നിയമിച്ചയാളെ സ്ഥിരപ്പെടുത്താനായി ബേങ്ക് ഭരണസമിതി ഒത്തുകളി നടത്തുന്നതായാണ് ആരോപണം. അറ്റന്റര്‍ പോസ്റ്റിന് അമ്പത് ലക്ഷം സൊസൈറ്റിയില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നതെന്നും പത്ത് ലക്ഷം നിക്ഷേപം സ്വീകരിച്ച് നിയമനം നടത്താനാണ് ഇപ്പോള്‍ നീക്കമെന്നും ഇവര്‍ ആരോപിക്കുന്നു.
പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ പരസ്യം പാര്‍ട്ടി പത്രത്തില്‍ നല്‍കണമെന്ന പാര്‍ട്ടി സര്‍ക്കുലര്‍ അവഗണിച്ചാണ് ജില്ലാ കമ്മിറ്റി അംഗം പ്രസിഡന്റായ സൊസൈറ്റിയുടെ പരസ്യം മറ്റു പത്രങ്ങളില്‍ നല്‍കിയത്. സൊസൈറ്റിയുടെ കെട്ടിട നിര്‍മാണത്തിന് പത്ര പരസ്യം നല്‍കി ടന്‍ഡര്‍ ക്ഷണിച്ചില്ലെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കുംമുമ്പെ നടപടികള്‍ പൂര്‍ത്തിയാക്കാതെ വാടകക്ക് നല്‍കിയതായും ആരോപണമുണ്ട്.