Connect with us

Kozhikode

സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കൃഷി സ്ഥലങ്ങള്‍ വീണ്ടും ജണ്ട കെട്ടാനുള്ള നീക്കം വനംവകുപ്പ് ഉപേക്ഷിക്കണമെന്ന്

Published

|

Last Updated

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് മലയോര മേഖലകളിലെ കര്‍ഷകരുടെ കൃഷി സ്ഥലങ്ങള്‍ അളന്ന് തിരിച്ച് വീണ്ടും ജണ്ട കെട്ടാനുള്ള നീക്കം വനംവകുപ്പ് ഉപേക്ഷിക്കണമെന്ന് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം കര്‍ഷകരുടെ രേഖകള്‍ പരിശോധിച്ച് കഴിഞ്ഞ മെയ് 17 ന് കലക്ടര്‍ കൂരാച്ചുണ്ടില്‍ വന്ന് നികുതി സ്വീകരിച്ചിരുന്നു. ഈ നടപടികളെ അട്ടിമറിക്കുകയാണ് ജണ്ട കെട്ടാനുള്ള നടപടികളിലൂടെ ചെയ്യുന്നത്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
1977 ന് മുമ്പ് കര്‍ഷകര്‍ കൈവശം വെച്ച് വരുന്ന ഭൂമികളുടെ ആധാരം, പട്ടയം, ലാന്‍ഡ് ഏരിയാ രജിസ്റ്റര്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് കര്‍ഷകര്‍ക്ക് അനുകൂലമാണെങ്കില്‍ നികുതി സ്വീകരിക്കാമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാ പരിശോധന നടത്തി കലക്ടര്‍ നികുതി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കോഴിക്കോട് ഡി എഫ് ഒ 2013 ജൂലൈ മൂന്നിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാനുള്ള ഉത്തരവും സ്വീകരിച്ച നടപടിയും റദ്ദാക്കാന്‍ സര്‍ക്കാറിലേക്ക് കലക്ടര്‍ കത്ത് നല്‍കുകയാണുണ്ടായത്.
ജനപ്രതിനിധികളുടെ യോഗം വിളിക്കാതെ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ കത്ത് നല്‍കിയതില്‍ ഗുഢാലോചനയുണ്ടെന്നും സമരസമിതി ആരോപിച്ചു. സമര പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് നവംബര്‍ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് കൂരാച്ചുണ്ട് വ്യാപാരഭവനില്‍ കര്‍ഷകരുടെ വിപുലമായ യോഗം ചേരുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ ഡി തോമസ്, എടക്കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍, നിക്ലാവോഡ് ടി ജെ പങ്കെടുത്തു.

Latest