Connect with us

Kozhikode

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രാരംഭ നടപടികള്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. യോഗത്തിന് ശേഷം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കല്ലായ് വരെയുള്ള ഭാഗങ്ങളില്‍ ഉന്നതതല സംഘം പരിശോധന നടത്തി. ആദ്യഘട്ടമെന്ന നിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസന കാര്യങ്ങളെക്കുറിച്ച് പൂര്‍ണമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കും. അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ മറ്റ് നടപടികൃമങ്ങളും പൂര്‍ത്തിയാക്കാനാണ് പദ്ധതി.
മൂന്ന് ഘട്ടമായാണ് നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊതു- സ്വകാര്യ പങ്കാളിത്വത്തോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനമായ കിഡ്‌കോ അന്താരാഷ്ട്ര വത്കരണത്തിന്റെ ഭാഗമായി പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയ വാഹന സേവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി റെയില്‍വേയുമായി സംയോജിപ്പിക്കും. ആറ് വരി പാതയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള പ്ലാറ്റ്‌ഫോമുകള്‍ ദീര്‍ഘിപ്പിക്കല്‍, ആധുനികവത്കരണം, കൂടുതല്‍ കോച്ചുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം, വിശാലമായ ഭക്ഷണശാല, ബിസിനസ് പാര്‍ക്ക്, മീറ്റിംഗ് സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാഥാര്‍ഥ്യമാക്കും. സ്റ്റേഷനെ മറ്റ് പല റെയില്‍വേ സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും. കോഴിക്കോട്ട് തുടങ്ങാന്‍ പോകുന്ന ലൈറ്റ് മെട്രോ പദ്ധതിക്ക് കൂടുതല്‍ സഹായകരമാകുന്ന തരത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സ്വന്തമായി 44 ഏക്കര്‍ സ്ഥലമുണ്ടെന്നും എന്നാല്‍ ഇതിന്റെ 50 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂവെന്നും പാലക്കാട് അഡീഷനല്‍ ഡിവിഷന്‍ മാനേജര്‍ മോഹന്‍ എ മേനോന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ സ്ഥലവും പൂര്‍ണമായും ഉപയോഗിക്കും. അടുത്ത വര്‍ഷം പകുതിയോടെ ഷൊര്‍ണൂര്‍- കോഴിക്കോട് ഇലക്ട്രിഫിക്കേഷന്‍ കമ്മീഷന്‍ ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. മംഗലാപുരം വരെയുള്ള ഇലക്ട്രിഫിക്കേഷന്‍ 2016ല്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതതല യോഗത്തില്‍ റെയില്‍വേ ചീഫ് അഡീഷനല്‍ ഡാനി തോമസ്, ചീഫ് ട്രാഫിക് പ്ലാനിംഗ് മാനേജര്‍ ശിവാനന്ദ്, ചീഫ് പ്ലാനിംഗ് ഡവലപ്‌മെന്റ് എന്‍ജിനീയര്‍ എ കെ സിന്‍ഹ ജനപ്രതിനിധികളുടെ പ്രതിനിധികളും പങ്കെടുത്തു.